പ്രാദേശികമായി പ്രതിവിഷം ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയുമായി കേരളം

പാമ്പുകടി മരണത്തിൽ പകുതി ഇന്ത്യയിൽ ; പൂജ്യത്തിൽ പിടിച്ചുകെട്ടാൻ കേരളം

snake bite death
avatar
വൈഷ്‌ണവ്‌ ബാബു

Published on Jul 16, 2025, 03:10 AM | 1 min read


തിരുവനന്തപുരം

ഇന്ത്യയിൽ പ്രതിവർഷം പാമ്പുകടിയേറ്റ്‌ മരിക്കുന്നത്‌ 60,000 പേർ. അതും ലോകത്തെ പാമ്പുകടി മരണത്തിന്റെ പകുതി. എന്നാൽ കേരളത്തിലിത്‌ മുപ്പതുമാത്രം. ഈ നേട്ടം ഇവിടെ പാമ്പുകൾ ഇല്ലാത്തതുകൊണ്ടല്ല, താലൂക്ക്‌ ആശുപത്രികളിൽവരെ പ്രതിവിഷവും (ആന്റി വെനം) ചികിത്സയും ഉള്ളതുകൊണ്ടാണ്.


മരണം പൂജ്യമാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ, മറ്റ്‌ സംസ്ഥാനങ്ങൾ മരണം രേഖപ്പെടുത്തുന്നുപോലുമില്ല. പാമ്പുകടിയെ ‘നോട്ടിഫയബിൾ ഡിസീസ്’ ആക്കണമെന്ന്‌ പറയുന്ന കേന്ദ്രവും മനുഷ്യജീവൻ രക്ഷിക്കാനുള്ള ഒരു ഇടപെടലും നടത്തുന്നില്ല. അവിടെയാണ് പ്രാദേശികമായി ശേഖരിക്കുന്ന പാമ്പിൻവിഷം ഉപയോഗിച്ച് പ്രതിവിഷം ഉണ്ടാക്കാനുള്ള നടപടിയിലേക്ക്‌ കേരളം കടക്കുന്നത്.


രാജ്യത്ത്‌ പ്രതിവിഷം ഉൽപ്പാദിപ്പിക്കുന്ന ആറ്‌ കേന്ദ്രമാണുള്ളത്. ഇവിടേക്ക് തമിഴ്‌നാട്ടിലെ ഇരുള ട്രൈബൽ കോ–-ഓപറേറ്റീവ്‌ സൊസൈറ്റി ശേഖരിക്കുന്ന പാമ്പിൻവിഷമാണ് എത്തുന്നത്. ഇത് കുതിരയിൽ കുത്തിവച്ചാണ് പ്രതിവിഷം ഉണ്ടാക്കുന്നത്. മൂർഖൻ, അണലി, ചുരുട്ട മണ്ഡലി, ശംഖുവരയൻ എന്നിവയുടെ പ്രതിവിഷമാണ് ഇതിലുള്ളത്.


കേരളത്തിലെ മുഴമൂക്കൻ കുഴിമണ്ഡലി, ചോലമണ്ഡലി എന്നിവയുടെ വിഷത്തിന്‌ ഇത്‌ ഫലപ്രദമല്ല. ഇതിന് പരിഹാരം കാണാനായി ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസിലെ ‘എവല്യൂഷണറി വെനമിക്‌സ്‌ ലാബു’മായി ചേർന്ന്‌ മുഴമൂക്കൻ കുഴിമണ്ഡലിയുടെ പ്രതിവിഷം ഉൽപ്പാദിപ്പിക്കുന്ന പദ്ധതി സംസ്ഥാനം ആരംഭിക്കുകയാണ്‌. ഭൂമിശാസ്‌ത്രഘടന അനുസരിച്ച് പാമ്പിൻവിഷത്തിന്റെ തീവ്രതയിൽ വ്യത്യാസമുണ്ടാകും. തമിഴ്‌നാട്ടിലെ പാമ്പിന്റെ വിഷത്തിൽ നിന്നുണ്ടാക്കുന്ന ആന്റിവെനം കേരളത്തിൽ അത്രത്തോളം ഫലപ്രദമാകില്ല.


ആരോഗ്യ–വനംവകുപ്പുകൾ ചേർന്ന് ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ‘മിഷൻ സർപ്പ’ തീവ്ര ബോധവൽക്കരണവും മരണങ്ങൾ കുറയ്‌ക്കാൻ കാരണമാണ്‌. പാമ്പുകളെ കണ്ടെന്ന വിവരം ലഭിച്ചാൽ ‘മിഷൻ സർപ്പ’ വളന്റിയർമാരെത്തി അവയെ ഉടൻ പിടികൂടുന്നുണ്ട്‌. സർപ്പ ആപ്പ്‌ വഴി വളന്റിയർമാരെ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Home