സൈജു മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണി
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ? വിമാനത്താവളം വഴി കോടികളുടെ ലഹരികടത്ത് പതിവെന്ന് സംശയം

വർക്കല/തിരുവനന്തപുരം: തലസ്ഥാനത്തെ ലഹരിമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ് കല്ലമ്പലത്ത് പിടിയിലായ സൈജുവെന്ന് ജില്ലാ പൊലീസ്. വിദേശത്തുനിന്ന് വിമാനത്താവളം വഴി ഇയാൾ പതിവായി ലഹരി കടത്തുന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.
വിമാനത്താവളം വഴിയുള്ള ലഹരികടത്ത് പിടികൂടേണ്ടത് കസ്റ്റംസാണ്. എന്നാൽ, ഇവരുടെ കണ്ണുവെട്ടിച്ച് എങ്ങനെ ഇത്രയും വലിയ അളവിൽ എംഡിഎംഎ കടത്തിയതെന്നാണ് സംശയം. പിടിയിലായവർക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നതും ഇയാൾക്ക് ഇത്രയും വലിയ തുകയുടെ രാസലഹരി നൽകിയതാര് എന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
സൈജുവിന്റെ നേതൃത്വത്തിൽ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. ഈ വർഷം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സൈജു നാലുതവണ ഒമാനിലേക്ക് യാത്ര ചെയ്‌തിട്ടുണ്ട്. 2022ൽ ഇയാളെ 27 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. വലിയ ഈന്തപ്പഴം ബക്കറ്റ് രൂപത്തിലുള്ള പെട്ടികളിലാക്കി അതിനിടയിൽ എംഡിഎംഎ ഒളിപ്പിച്ചാണ് ഇത്തവണ കൊണ്ടുവന്നത്.
വിപണിയിൽ ലഭിക്കുന്നതിൽ വിലകൂടിയ ഇനം എംഡിഎംഎയാണ് കല്ലമ്പലത്തുനിന്ന് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. സൈജു വർക്കല ഞെക്കാട് ആഡംബര വീട് നിർമിക്കുന്നുണ്ട്. ലഹരിക്കടത്തിലൂടെയുള്ള പണം ഉപയോഗിച്ചാണ് വീട് നിർമിച്ചതെന്ന് തെളിഞ്ഞാൽ പൊലീസ് കണ്ടുകെട്ടും. സൈജുവിന്റെ ബാങ്ക് രേഖകൾ, ഫോൺ വിളികൾ എന്നിവ പരിശോധിക്കുന്നുണ്ട്.
ജില്ലാ പൊലീസ് മേധാവി എസ് പി സുദർശനന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ നർകോട്ടിക് ഡിവൈഎസ്‌പി പ്രദീപിന്റെ നിയന്ത്രണത്തിലുള്ള ഡാൻസാഫ് സംഘമാണ് ലഹരിവേട്ടയ്‌ക്ക് നേതൃത്വം നൽകിയത്. എസ്ഐമാരായ സാഹിൽ, ബിജുകുമാർ, എസ്‌സിപിഒ മാരായ വിനീഷ്, അനൂപ്, സിപിഒ ഫറൂക്ക് എന്നിവരടങ്ങുന്ന സംഘവും വർക്കല ഡിവൈഎസ്‌പി ഗോപകുമാർ, കല്ലമ്പലം എസ്എച്ച്ഒ പ്രൈജു, എസ്ഐ ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള കല്ലമ്പലം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.









0 comments