ആകാശം ചോദിച്ചു ; ഹൗ ഓൾഡ് ആർ യു

നിധിൻ രാജു
Published on Sep 14, 2025, 03:30 AM | 1 min read
ഇടുക്കി
‘പക്ഷികളൊക്കെ പറക്കുംപോലെ പറന്നുനടക്കണം’ ലീലാമ്മയുടെ ആകാശപ്പൊക്കമുള്ള ആഗ്രഹം കേട്ടവരൊക്കെ മൂക്കത്ത് വിരൽവച്ചു. ചിലർ കളിയാക്കി, മറ്റുചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഏഴുപതാം വയസിൽ ഇടുക്കി കൊന്നത്തടിക്കാരി പുതിയപറമ്പിൽ ലീലാമ്മ ജോസ് ആ ആഗ്രഹമങ്ങ് സാക്ഷാത്‌കരിച്ചു. ദുബായ് പാം ജുമൈറയിൽ 12,000 അടി ഉയരത്തിൽനിന്ന് പ്രായത്തെ തോൽപ്പിച്ച് ലീലാമ്മ സ്‌കൈ ഡൈവ് ചെയ്‌തു. എന്നിട്ട് ലോകത്തോട് പറഞ്ഞു; ‘അത്രേ ഉള്ളൂ. മനസ് വെച്ചാൽ മാനത്ത് പറക്കാം’.
ആകാശമുയരെ വിമാനത്തിൽനിന്ന് പാരച്യൂട്ടുമായി താഴേക്ക് ചാടുന്നതിന്റെ പേര് സ്‌കൈ ഡൈവ് എന്നാണെന്നൊന്നും ലീലാമ്മയ്‌ക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ അടക്കാനാവാത്ത ആഗ്രഹം ലീലാമ്മ ദുബായിൽ സ്ഥിരതാമസമാക്കിയ മകൻ ബാലുവിനോട് പറഞ്ഞു. മകനും കുടുംബവും കട്ടയ്‌ക്ക് ഒപ്പം നിന്നു. ഇതോടെ ഇവിടെ നിന്ന് ഡൈവ് ചെയ്‌തിട്ടുള്ളതിൽ പ്രായമേറിയ ഇന്ത്യക്കാരികൂടിയായി ലീലാമ്മ മാറി. ഗിന്നസ് ലോക റെക്കോർഡാണ് അടുത്ത ലക്ഷ്യം.
സ്‌കൂൾ പഠനകാലത്ത് ഡിസ്‌കസ്‌ത്രോയിലും ജാവലിൻ ത്രോയിലും മത്സരാർഥിയായിരുന്ന ലീലാമ്മയ്‌ക്ക് സാഹസിക വിനോദങ്ങളോടും താൽപ്പര്യമുണ്ടായിരുന്നു. ഭർത്താവ് പരേതനായ പി ജെ ജോസ് ലീലാമ്മയുടെ ആഗ്രഹങ്ങൾക്ക് എന്നും കൂട്ടായിരുന്നു. ഇപ്പോൾ മക്കളായ ബാലുവും അമ്പിളിയും ആഗ്രഹങ്ങൾക്കൊപ്പമുണ്ട്. ‘മനോധൈര്യവും വിശ്വാസവുമുണ്ടെങ്കിൽ എന്തും സാധിക്കുമെന്നേ ’–കൊന്നത്തടിയെന്ന കൊച്ചുഗ്രാമത്തിലിരുന്ന് ലീലാമ്മ പറയുന്നു.








0 comments