സിഎംആർഎല്ലിനെതിരായ ആരോപണങ്ങള്‍ ; ഷോൺ ജോർജിനെ പൂര്‍ണമായി 
വിലക്കി കോടതി

shon george
വെബ് ഡെസ്ക്

Published on Jul 07, 2025, 12:15 AM | 1 min read


കൊച്ചി

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിനെതിരെ (സിഎംആർഎൽ) അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് ബിജെപി നേതാവ് ഷോൺ ജോർജിനെ പൂർണമായി വിലക്കി എറണാകുളം സബ് കോടതി. ഒരു തെളിവുമില്ലാതെയാണ് ഷോണിന്റെ ആരോപണങ്ങളെന്നും ഇദ്ദേഹം ഹാജരാക്കിയ രേഖകളിൽനിന്നുതന്നെ ഇക്കാര്യം വ്യക്തമാണെന്നും കോടതി വിലയിരുത്തി. അടിസ്ഥാനമില്ലാത്തതും അപകീർത്തികരവുമായ ആരോപണം ഉന്നയിച്ച് സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുന്നതിൽനിന്ന് ഷോണിനെ വിലക്കണമെന്ന്‌ ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലാണ് എറണാകുളം അഡീഷണൽ സബ് ജഡ്‌ജി രേഷ്മ ശശിധരന്റെ ഉത്തരവ്.


കമ്പനിക്കെതിരെ അച്ചടി, ഇലക്ട്രോണിക്, ഇന്റർനെറ്റ് മാധ്യമങ്ങളിൽ നേരിട്ടോ അല്ലാതെയോ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിൽനിന്നും പ്രക്ഷേപണം ചെയ്യുന്നതിൽനിന്നും പ്രസിദ്ധീകരിക്കുന്നതിൽനിന്നുമെല്ലാം ഷോണിനെ കോടതി വിലക്കിയിട്ടുണ്ട്.


തോട്ടപ്പള്ളിയടക്കമുള്ള മേഖലയിൽ സിഎംആർഎൽ അനധികൃതമായി കരിമണൽഖനനം ചെയ്യുകയാണെന്നും ഇതിന് സർക്കാർ വഴിവിട്ട് അനുമതി നൽകിയെന്നുൾപ്പെടെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്നാൽ, കേരളതീരത്ത് കരിമണൽഖനനം ചെയ്യുന്നതിന് സ്വകാര്യ കമ്പനികൾക്ക് സംസ്ഥാന സർക്കാർ ലൈസൻസ് നൽകുന്നില്ലെന്നും പൊതുമേഖലാ കമ്പനികളാണ് ഖനനം ചെയ്യുന്നതെന്നും സിഎംആർഎൽ കോടതിയിൽ വ്യക്തമാക്കി. കമ്പനിക്കെതിരായ ആരോപണങ്ങളുള്ള ഷോൺ ജോർജിന്റെ വാർത്താ റിപ്പോർട്ടുകൾ വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടു.


സിഎംആർഎല്ലിനെതിരായ ഷോൺ ജോർജിന്റെ വീഡിയോകൾ നീക്കിയെന്ന് കേസിൽ എതിർകക്ഷിയായിരുന്ന ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റ അറിയിച്ചു. എന്നാൽ, വ്യക്തിഗത അക്കൗണ്ടിലെ വീഡിയോകൾ ഷോണിനേ നീക്കാൻ കഴിയൂവെന്നും കമ്പനി വിശദീകരിച്ചു. കേസ് 14ന് വീണ്ടും പരി​ഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home