സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഫ്‌റ്റ്‌) നേതൃത്വത്തിലാണ്‌ പഠനം

കപ്പലപകടം ; ആശങ്ക വേണ്ട, മീൻ കഴിക്കാം

shipwreck in kerala coast
വെബ് ഡെസ്ക്

Published on Jun 14, 2025, 01:46 AM | 1 min read

കൊച്ചി

പുറംകടലിൽ കപ്പൽ മുങ്ങിയതിനെ തുടർന്ന്‌ മത്സ്യമേഖലയിലെ ആശങ്ക പരിഹരിക്കാൻ നടത്തിയ പ്രാഥമികപരിശോധനയിൽ മീനുകൾ ഭക്ഷ്യയോഗ്യമെന്ന്‌ കണ്ടെത്തി. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഫ്‌റ്റ്‌) നേതൃത്വത്തിൽ ആലപ്പുഴ പുറംകടലിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ്‌ ഇതിനകം സർക്കാരിന്‌ സമർപ്പിച്ചത്‌.


ബേപ്പൂരിലെ കപ്പലപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോടുമുതൽ വടക്കോട്ടുള്ള തീരപ്രദേശങ്ങളിലെ മീൻ സാമ്പിൾ ശേഖരിക്കും. മത്സ്യഫെഡ്‌ ശേഖരിക്കുന്ന സാമ്പിളുകളിൽ പഠനം നടത്തി അടുത്തയാഴ്‌ച സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിക്കും.

കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കൻ തീരദേശങ്ങളിലെ 30 സാമ്പിൾ പരിശോധിച്ചതിൽ ഒന്നിൽപ്പോലും നെഗറ്റീവ്‌ ഫലമില്ലെന്ന്‌ സിഫ്‌റ്റ്‌ ഡയറക്‌ടർ ഡോ. ജോർജ്‌ നൈനാൻ പറഞ്ഞു. കടൽവെള്ളത്തിന്റെ സാമ്പിളും പരിശോധിച്ചിരുന്നു. എണ്ണയുടെ അംശം കണ്ടെത്താനായില്ല. പിഎച്ച്‌ മൂല്യം സ്വാഭാവിക തോതിലാണ്‌ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.


ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്‌ക്കും ഉണ്ടായ പ്രത്യാഘാതം പഠിക്കാൻ കുഫോസ്‌, സിഎംഎഫ്‌ആർഐ, സിഫ്‌റ്റ്‌ എന്നീ സ്ഥാപനങ്ങളുടെ സംയുക്തസമിതിയെ ഫിഷറീസ്‌ വകുപ്പ്‌ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.


മത്സ്യസമ്പത്തിന്റെ നാശവും 
കണക്കാക്കണം: ഹൈക്കോടതി

കേരളതീരത്തെ കപ്പലപകടങ്ങളുമായി ബന്ധപ്പെട്ട നാശനഷ്ടം നിശ്ചയിക്കുമ്പോൾ മത്സ്യസമ്പത്തിന്റെ നാശമടക്കം കണക്കിലെടുക്കണമെന്ന് ഹൈക്കോടതി. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽവരെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് മേഖലയിലുണ്ടാകുന്ന കപ്പലപകടങ്ങളുമായി ബന്ധപ്പെട്ടാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.


കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു നിർദേശം. ഹർജിയിൽ കോടതിയെ സഹായിക്കാൻ അഡ്വ. അർജുൻ ശ്രീധറിനെ അമിക്കസ് ക്യൂറിയായും നിയമിച്ചു.


നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ നിയമനടപടികൾ സ്വീകരിക്കാൻ കലക്ടർക്കുപുറമെ ഷിപ്പിങ് ഡയറക്ടർ ജനറലിനും കഴിയും. നഷ്ടപരിഹാരം ഈടാക്കാൻ കമ്പനിയുടെ മറ്റു കപ്പലുകൾ അറസ്റ്റ് ചെയ്യാം. പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിശോധിക്കണം. സംസ്ഥാന സർക്കാരിന് നടപടിയെടുക്കാൻ അധികാരമില്ലെങ്കിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. അഗ്നിക്കിരയായ വാൻഹായ് 503 കപ്പലിൽ 1754 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നതെന്ന് സർക്കാർ അറിയിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന വസ്തുക്കൾ അതിലുണ്ട്‌. പരിസ്ഥിതിനാശം തിട്ടപ്പെടുത്താൻ വിദഗ്ധസമിതിയെ നിയോഗിച്ചതായും സർക്കാർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home