വാൻഹായ് ശ്രീലങ്കയ്‌ക്ക് അരികെ, എൻജിൻ മുറിയിലും അറകളിലും വെള്ളം

വാൻഹായ് 503 കപ്പലിൽനിന്ന് പുക ഉയരുന്നു
കൊച്ചി
: പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പൽ ശ്രീലങ്കയ്‌ക്ക് പടിഞ്ഞാറെത്തി. നിലവിൽ കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 150 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. കപ്പലിനെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല വരുന്ന 200 നോട്ടിക്കൽ മൈലിന് പുറത്തേക്ക് കൊണ്ടുപോകാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
കപ്പലിന്റെ എൻജിൻ മുറിയിലും അറകളിലും കൂടുതൽ വെള്ളം കയറുന്നത് ആശങ്കയുണ്ടാക്കുന്നു. തീയണയ്‌ക്കാൻ നിരന്തരം ഉപയോഗിക്കുന്ന വെള്ളം കപ്പലിനുള്ളിൽ തങ്ങുന്നതായും കണ്ടെത്തിയിരുന്നു. ഈ വെള്ളം പുറത്തേക്ക് പമ്പുചെയ്‌ത് കളയാനുള്ള ശ്രമം വിജയിച്ചിട്ടില്ലെന്നാണ് സൂചന.
കപ്പലിനുള്ളിലെ എമർജൻസി ജനറേറ്ററിന്റെ ബാറ്ററി മാറ്റി വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് തീയണയ്ക്കൽ കൂടുതൽ വേഗത്തിലാക്കുമെന്ന് കരുതിയിരുന്നു. കപ്പലിൽനിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
തീയണയ്‌ക്കാനുള്ള ആധുനികസംവിധാനമുള്ള ടഗ് അഡ്‌വാന്റിസ് വിർഗോ തിങ്കൾ രാത്രി പത്തോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീ പൂർണമായി അണഞ്ഞശേഷം കപ്പൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് മാറ്റുകയാണ് ലക്ഷ്യം. അതേസമയം, കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡർ പ്രാഥമിക പരിശോധനയ്‌ക്കുശേഷം സാൽവേജ് സംഘം വിദഗ്‌ധപരിശോധനയ്‌ക്കായി മാറ്റി.
കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3ലെ ഇന്ധനനീക്കത്തിന് എത്തിയ ഗാർഡ് വെസ്സലായ കനറ മേഘ കപ്പലിന്റെ പ്രവർത്തനം പുരോഗമിക്കുകയാണ്. ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ രണ്ടു മുങ്ങൽവിദഗ്‌ധർ കപ്പലിനൊപ്പമുണ്ട്. എണ്ണച്ചോർച്ച കണ്ടെത്താനുള്ള സംവിധാനങ്ങളും സജ്ജമാണെന്ന് ഡിജി ഷിപ്പിങ് അറിയിച്ചു.








0 comments