കപ്പൽ അപകടം: സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി


സ്വന്തം ലേഖകൻ
Published on May 25, 2025, 02:18 PM | 1 min read
തിരുവനന്തപുരം: എംഎസ്‌സി എൽസ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് തീരദേശത്ത് സുരക്ഷ ശക്തമാക്കാൻ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കണ്ടെയ്‌നറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ ജെസിബി, ക്രെയിൻ എന്നിവ ഉപയോഗിക്കും. ഫാക്ടറീസ് ആന്റ് ബോയ്‌ലേർസ് വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസെ ടീമുകൾ തൃശ്ശൂർ മുതൽ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിൽ ഒന്നുവീതം ടീമും തയ്യാറായി നിൽക്കാനും യോഗം നിർദേശിച്ചു. എണ്ണപ്പാട തീരത്തെത്തിയാൽ ക്കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ സമാനമായി ടീം തയ്യാറായി ഉണ്ടാകും.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കണ്ടയ്നർ എത്താൻ കൂടുതൽ സാധ്യത.
തീരത്ത് അപൂർവ വസ്തുക്കൾ, കണ്ടയ്നർ എന്നിവ കണ്ടാൽ തൊടുകയോ അടുത്ത് പോകുകയോ ചെയ്യരുത്. അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്ററെങ്കിലും അകലെ നിൽക്കുക, 112ൽ അറിയിക്കുക എന്ന നിർദേശം എല്ലാ തീരദേശ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും മത്സ്യ തൊഴിലാളികൾക്കും നൽകി. കപ്പൽ മുങ്ങിയ ഇടത്തുനിന്നും 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്.
കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടിൽ പെട്ടുപോകാൻ സാധ്യതയുള്ളതിനാൽ കോസ്റ്റ് ഗാർഡ്, നേവി, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് എന്നിവരെ ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കണം. ഓയിൽ സ്പിൽ കണ്ടിജൻസി കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ ബൂംസ് സ്കിമ്മെർസ് എന്നിവയെ ഒരുക്കി നിർത്താൻ നേവി, കോസ്റ്റ് ഗാർഡ്, പോർട്ട് വകുപ്പ് എന്നിവക്ക് നിർദേശം നൽകി.
എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം. അതിനാൽ കേരള തീരം പൂർണമായും ജാഗ്രത നേർദേശം നല്കി.
കണ്ടയ്‌നർ, എണ്ണപ്പാട ,കടലിന്റെ അടിയിലേക്ക് മുങ്ങുന്ന എണ്ണ എന്നിവ കൈകാര്യം ചെയ്യുവാൻ പ്രത്യേകം നിർദേശങ്ങൾ ജില്ലകൾക്കും, വകുപ്പുകൾക്കും നല്കി. പൊതുജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധന മേഖലയുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തങ്ങൾക്കാണ് മുൻഗണന.








0 comments