കപ്പലപകടം: നഷ്ടപരിഹാരത്തിന് നടപടി തുടങ്ങി


സ്വന്തം ലേഖകൻ
Published on Jun 03, 2025, 12:11 AM | 1 min read
തിരുവനന്തപുരം: കേരള തീരത്ത് കപ്പലപകടമുണ്ടായതുമുതൽ ശക്തമായി ഇടപെട്ട് സംസ്ഥാന സർക്കാർ. അപകടംനടന്ന് അടുത്ത ദിവസംതന്നെ അടിയന്തര യോഗംചേർന്ന് സ്ഥിതിഗതി വിലയിരുത്തിയിരുന്നു. നഷ്ടപരിഹാരം കണക്കാക്കാനുള്ള സമിതി യോഗംചേർന്നു. ദുരന്തത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ് സംസ്ഥാനസർക്കാർ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു.
അപകടമുണ്ടായ അന്നുതന്നെ ഉദ്യോഗസ്ഥർ എണ്ണ നീക്കുന്നതിന് അന്താരാഷ്ട്ര വിദഗ്ധരുമായി ചർച്ച നടത്തി. സാമ്പത്തിക, പാരിസ്ഥിതിക ആഘാതം പഠിക്കാൻ സമിതിയെയും നിയോഗിച്ചു. മലിനീകരണം പരിഹരിക്കാനും നാശനഷ്ടം തിട്ടപ്പെടുത്തി നഷ്ടപരിഹാരം നേടാനും സംസ്ഥാന, ജില്ലാ സമിതി രൂപീകരിച്ചു. സമിതിയുടെ പ്രവർത്തനം ഊർജിതമായി മുന്നോട്ടുപോകുന്നു. കണ്ടെയ്നറുകളും നർഡിൽസും കൈകാര്യം ചെയ്യാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മാർഗരേഖ ഇറക്കിയിരുന്നു. തീരത്തടിഞ്ഞ കണ്ടയ്‌നറുകൾ വീണ്ടെടുത്ത് കസ്‌റ്റംസിന് കൈമാറി. നർഡിൽസ് ക്ലീനിങ് പുരോഗമിക്കുന്നു. പൊലീസ്, എസ്‌പിസി, ആപ്ദ മിത്ര, സിവിൽ ഡിഫൻസ് വളണ്ടിയർമാരെ തീരങ്ങളിൽ വിന്യസിച്ചു. ഡ്രോൺ സർവേ പൂർത്തിയാക്കി.
കമ്പനിയുമായി ചർച്ച നടത്തി കപ്പൽ കേരള തീരത്തുനിന്ന് നീക്കാൻ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതം, തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം എന്നിവയുടെ ചെലവ് കണക്കാക്കൽ ആരംഭിച്ചു. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും യോഗം ചേർന്ന് തുടർനടപടി ആസൂത്രണം ചെയ്‌തു. മത്സ്യത്തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസം നൽകാനും തീരുമാനമെടുത്തു. ഡയറക്ടർ ജനറൽ ഷിപ്പിങ്ങുമായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. നഷ്ടപരിഹാര ക്ലെയിം ഫയൽ ചെയ്യാൻ നടപടി ആരംഭിച്ചു. കപ്പലിന്റെ ഇന്ധനം പുറത്തെടുക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. നാലു ടഗ്ഗുകളാണ് എത്തിച്ചത്. ജൂലൈ മൂന്നോടെ എണ്ണ നീക്കൽ പൂർണമാകുമെന്നാണ് കമ്പനി അറിയിച്ചത്.









0 comments