തിരുവനന്തപുരം അട്ടകുളങ്ങരയിൽ ഷവർമ കഴിച്ച 30ഓളം പേർക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം: അട്ടകുളങ്ങരയിലെ ഭക്ഷണശാലയിൽനിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 30 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. വെള്ളി രാത്രി ഷവർമ കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ശനി രാവിലെയോടെ ഛർദിയും വയറിളക്കവും അനുഭവപ്പെട്ട് ചികിത്സ തേടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി ഭക്ഷണശാല പൂട്ടി.
ഭക്ഷണശാലയിൽനിന്ന് ലഭിച്ച മസാല പുരട്ടിയ ചിക്കനും മയണൈസും പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനാഫലം ലഭിച്ചതിനുശേഷം തുടർനടപടി തീരുമാനിക്കും. ഷവർമയ്ക്ക് ഒപ്പം കഴിച്ച മയണൈസിൽനിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പത്തുപേരും മണക്കാട്, ആനയറ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമാണ് മറ്റുള്ളവർ ചികിത്സ തേടിയത്. ഭക്ഷ്യവിഷബാധയേറ്റതിൽ ഭൂരിപക്ഷവും കിള്ളിപ്പാലം, കരമന, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ശ്രീവരാഹം, പേട്ട ഭാഗങ്ങളിലുള്ളവരാണ്.









0 comments