print edition വീണ്ടും മോദി സ്‌തുതിയുമായി തരൂർ

ന്യൂഡൽഹി
ബിഹാർ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ശേഷവും കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും നിശിതമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്‌ത്തി പ്രവർത്തകസമിതിയംഗം ശശി തരൂർ. രാംനാഥ് ഗോയങ്ക അനുസ്‌മരണ പ്രഭാഷണത്തിൽ മോദിക്കൊപ്പം പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും തരൂർ പറഞ്ഞു.
‘ഇന്ത്യയുടെ പുരോഗതിക്കായി അക്ഷീണം യത്‌നിക്കാൻ പ്രധാനമന്ത്രി ആഹ്വാനം നൽകി. മെക്കാളെ സൃഷ്‌ടിച്ചതും 200 വർഷമായി തുടരുന്നതുമായ അടിമ മനോഭാവത്തെ മാറ്റിയെടുക്കുന്നതിനുള്ള പ്രതിജ്‌ഞാബദ്ധത പ്രകടമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇന്ത്യയുടെ പൈതൃകത്തിലും ഭാഷയിലും വിജ്‌ഞാന സംവിധാനങ്ങളിലുമുള്ള അഭിമാനം പുനഃസ്ഥാപിക്കുന്നതിനായി 10 വർഷത്തെ ഒരു ദേശീയ പദ്ധതിയും അദ്ദേഹം വിഭാവനംചെയ്‌തു. താൻ എപ്പോഴും ‘ഇലക്ഷൻ മോഡി’ലാണെന്ന വിമർശനമുണ്ടെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള ‘ഇമോഷണൽ മോഡി’ലാണ് താൻ എപ്പോഴുമെന്നും വിശദീകരിച്ചു’–തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.
മോദിയെ തുടർച്ചയായി പുകഴ്‌ത്തുന്ന തരൂർ കഴിഞ്ഞ ദിവസം ഒരു ലേഖനത്തിലൂടെ നെഹ്‌റു കുടുംബത്തെ നിശിതമായി വിമർശിച്ചിരുന്നു.








0 comments