'മകൾ ആത്മഹത്യ ചെയ്യില്ല'; അതുല്യ നേരിട്ടത് ക്രൂരപീഡനമെന്ന് മാതാപിതാക്കൾ

Athulya Satheesh Death
വെബ് ഡെസ്ക്

Published on Jul 20, 2025, 12:11 PM | 1 min read

കൊല്ലം: മകൾ ക്രൂരപീഡനം നേരിട്ടെന്ന് ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മാതാപിതാക്കൾ. ഭർത്താവ് സതീഷ് നിരന്തരം മർദിക്കുന്ന കാര്യം അതുല്യ പറഞ്ഞിട്ടിട്ടുണ്ടെന്ന് അമ്മ തുളസീഭായ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിരം മദ്യപാനിയാണ് സതീഷ്. മദ്യപിച്ച് വന്നിട്ട് അതുല്യയെ ക്രൂരമായി മർദിക്കും. എന്തിനാണ് ഇങ്ങനെ സഹിച്ച് കഴിയുന്നതെന്ന് മകളോട് പലതവണ ചോദിച്ചിട്ടുണ്ട്. അതുല്യയോട് നാട്ടിലേക്ക് വരാൻ പറയുമ്പോൾ മാപ്പ് പറഞ്ഞ് സതീഷ് മകളെ ബ്രെയിൻവാഷ് ചെയ്ത് നിർത്തുകയായിരുന്നുവെന്നും തുളസീഭായ് പറഞ്ഞു.


ഭാര്യയെന്ന ഒരു പ​രി​ഗണനയും മകൾക്ക് സതീഷ് നൽകിയിട്ടില്ലെന്ന് അതുല്യയുടെ അച്ഛൻ രാജശേഖരൻപിള്ള പറഞ്ഞു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് തോന്നുന്നില്ല. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും കൗൺസിലിംഗിന് ശേഷം ഒന്നിച്ച് പോകുകയായിരുന്നു. മകളോട് പല തവണ നാട്ടിൽ വരാൻ പറഞ്ഞതാണ്. അതുല്യ വീട്ടിലേക്ക് മടങ്ങാൻ ആ​ഗ്രഹിച്ചെങ്കിലും സതീഷ് തടഞ്ഞുവെന്നും രാജശേഖരൻ പിള്ള വെളിപ്പെടുത്തി.


അതേസമയം, സതീഷിന്റെ ക്രൂരത വിവരിക്കുന്ന അതുല്യയുടെ ശബ്ദസന്ദേശം പുറത്തുവന്നു. ഇത്രയൊക്കെ കാണിച്ചിട്ടും സതീഷിനൊപ്പം നിൽക്കേണ്ട അവസ്ഥയാണെന്നും ധൈര്യമില്ലാത്തത് കൊണ്ട് ആത്മഹത്യ ചെയ്യുന്നില്ലെന്നും അതുല്യ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.


അതുല്യയുടെ മാതാപിതാക്കളുടെ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് സതീശിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതക കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിക്ക് അതുല്യ അയച്ച മർദനത്തിന്റെ വീഡിയോ പൊലീസിന് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home