ഷാർജയിലെ അതുല്യയുടെ മരണം: സതീഷിന്റെ ജാമ്യം റദ്ദാക്കൽ ഹർജിയിൽ വാദം നാളെ

കൊല്ലം : ഷാർജയിലെ ഫ്ലാറ്റിൽ കോയിവിള സ്വദേശി അതുല്യ മരിച്ച സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ചൊവ്വാഴ്‌ച വാദം നടക്കും. ക്രൈംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം. മൊഴിയെടുപ്പ്, തെളിവുശേഖരണം എന്നിവ പൂർത്തിയാക്കി ഡിവൈഎസ്‌പി അബ്‌ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ ജഡ്‌ജ് രാജുവിന്റെ മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചത്.
അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അതുല്യ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സതീഷ് മോശം ഭാഷയിൽ അതുല്യയോട് സംസാരിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അതുല്യയെ കൊല്ലുമെന്ന് സതീഷ് പറയുന്നതും പത്ത് വർഷമായി പീഡനം സഹിക്കുന്നുവെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. അതുല്യയുടെ കുടുംബമാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ദൃശ്യങ്ങൾ സമർപ്പിച്ചത്. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചു.
കഴിഞ്ഞ മാസം 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണശേഷം ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛൻ എസ് രാജശേഖരൻപിള്ളയും അമ്മ തുളസീഭായിയും പറഞ്ഞു. ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനിയറാണ് സതീഷ് ശങ്കർ.
അതുല്യയുടെ അച്ഛൻ ചവറ തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയിൽ സതീഷ് ശങ്കറിനെതിരെ കേസെടുത്ത് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. തുടർന്ന് ആഗസ്ത് 10ന് നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സതീഷ് പിടിയിലായിരുന്നു. എന്നാൽ മുൻകൂർ ജാമ്യം നേടിയിരുന്നതിനാൽ പിന്നീട് വിട്ടയച്ചു. കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുന്നത്.









0 comments