എം ബി ബി എസ് വിട്ട് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ എത്തി, മലയാള സിനിമയ്ക്ക് പുതുജീവൻ നൽകി

shaji N Karun

ഷാജി എൻ കരുൺ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ജെ സി ഡാനിയേൽ പുരസ്കാരം ഏറ്റുവാങ്ങുന്നു. ഫോട്ടോ അരുൺ രാജ്

avatar
എൻ എ ബക്കർ

Published on Apr 28, 2025, 06:13 PM | 3 min read

ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എൻ കരുൺ. മലയാളത്തിലെ നവതരംഗസിനിമയ്ക്ക് സർഗാത്മകമായ ഊർജംപകർന്ന പ്രതിഭ.


സ്വന്തം കുടുംബത്തിൽനിന്ന് ലഭിച്ച അംഗീകാരമെന്നനിലയിൽ സംതൃപ്തിയും സന്തോഷവുമുണ്ടെന്നാണ് ജെ സി ഡാനിയേൽ പുരസ്കാരം ഏറ്റു വാങ്ങിക്കൊണ്ട് അദ്ദേഹം പ്രതികരിച്ചത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടപ്പോൾ തന്നെ കേരള സംസ്ഥാന സർക്കാരിൽനിന്ന് അംഗീകാരം ലഭിച്ചില്ലെന്ന വിഷമം ഉണ്ടായിരുന്നു. അതിപ്പോൾ മാറിയെന്നും മനസ് തുറന്നു.


സംസ്ഥാനസർക്കാരിന്റെ ജെ സി ഡാനിയേൽ പുരസ്‌കാരം ഷാജി എൻ കരുണിനെ തേടി എത്തിയത് അദ്ദേഹത്തന്റെ ചലച്ചിത്ര ജീവിതത്തിന്റ 50 ാം വർഷത്തിലാണ്. ജെ സി ഡാനിയേൽ അന്തരിച്ചിട്ട് 2025 ൽ അമ്പത് വർഷം തികയുകയാണ്. ഏപ്രിൽ 27 നാണ് അദ്ദേഹം അന്തരിച്ചത്. തൊട്ടടുത്ത ദിനത്തിൽ ഷാജി എൻ കരുണും വിടപറഞ്ഞു.


ഷാജി എൻ കരുൺ അടുത്തടുത്ത കാല ഘട്ടങ്ങളിലായി സംവിധാനം നിർവ്വഹിച്ച മൂന്നു സിനിമകൾ ചലച്ചിത്ര ലോകം മറക്കാത്തവയാണ്. ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ പിറവി ഒരു സംവിധായകന്റെ കൂടി പിറവിയായിരുന്നു. രണ്ടാമത്തെ സിനിമ സ്വം 1994 ൽ പുറത്തു വന്നു . 1999 ലാണ് വാനപ്രസ്ഥം പൂർത്തിയാവുന്നത്. പുതു തലമുറ സിനിമ, നവതരംഗ സിനിമ എന്ന വേർതിരിവുകളുടെ ഘട്ടമാണ്. 2010 ലാണ് കുട്ടി സ്രാങ്ക് പുറത്തു വരുന്നത്. തളരാത്ത ചലച്ചിത്ര സപര്യയുടെ അടയാളമായി ഈ ചിത്രം. മികച്ച ചലച്ചിത്രത്തിനടക്കം നാല് ദേശീയ പുരസ്കാരങ്ങൾ നേടി.


സിനിമകളുടെ കാലഘട്ടത്തിലെ വിടവുകളെ കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം തന്റെ പ്രിയപ്പെട്ട സംവിധായകൻ തർക്കോവ്സ്കിയുടെ വാക്കുകൾ കടമെടുത്താണ് പ്രതികരിക്കുന്നത്. ‘Cinema is a sculpture made out of time’ എന്ന വാക്യം ഉദ്ധരിച്ചു. അതേ വാക്യം പോലെ ഈ സിനിമകളും പ്രമേയ സ്വീകരണത്താലും കലാ മികവിനാലും കാലത്തെ മറികടക്കുന്നവയായി.


Tharkovsky തർക്കോവ്സ്കി സാക്രിഫൈസിന്റെ ചിത്രീകരണ വേളയിൽ


കാൻമേളയുടെ ഔദ്യോഗിക വിഭാഗത്തിൽ തുടർച്ചയായ മൂന്ന് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന ലോക സിനിമയിലെ അപൂർവ ബഹുമതിയും ഈ സിനിമകളിലൂടെ ഷാജി എൻ കരുണും മലയാള സിനിമയും സ്വന്തമാക്കി.


ജി അരവിന്ദന്റെ ക്യാമറാമാൻ എന്നനിലയിലാണ് പുതു തലമുറ സിനിമകളുടെ തുടക്കകാലത്ത് ശ്രദ്ധയിലെത്തുന്നത്. 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് 1975ൽ മെഡലോടുകൂടി ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠനം തുടരുന്നതിനിടയിലാണ് സിനിമാ പഠനത്തിലേക്കുള്ള ചാട്ടം. ഇതിൽ രക്ഷിതാക്കൾക്ക് അനിഷ്ടമുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുകയുണ്ടായി.


പൂനെയിലെ പഠനം പൂർത്തിയാക്കി കുറച്ചുകാലം മദ്രാസിൽ ചെലവഴിച്ച് 1976ൽ തിരുവനന്തപുരത്ത് തിരിച്ചെത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലത്താണ് പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ചേരുന്നത്.


ചലച്ചിത്രകലയിലെ ചിത്രകാരൻ


തുടർന്ന് കെ ജി ജോർജ്, എം ടി വാസുദേവൻ നായർ ചിത്രങ്ങൾക്കും തുടർന്ന് ക്യാമറ ചലിപ്പിച്ചു. ചലച്ചിത്രകലയെ ചിത്രകലയുമായി സന്നിവേശിപ്പിച്ച മനോഹരമായ ഫ്രെയിമുകളാൽ അദ്ദേഹത്തിന്റെ ക്യാമറ കലാനുഭവത്തെ പുതിയ തലങ്ങളിലേക്ക് ഉയർത്തി. നാല്പതോളം ചിത്രങ്ങളുടെ ഛായാഗ്രാഹണം നിർവ്വഹിച്ചിട്ടുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ മാനേജരായിരിക്കുമ്പോൾ കെ കരുണാകരന്റെ ചിത്രം എടുക്കാൻ വിസമ്മതിച്ചതിന് മൂന്ന് വർഷം സസ്പെൻഷൻ അനുഭവിച്ചു. അക്കാലത്താണ് താൻ കൂടുതൽ സിനികൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചത് എന്ന് ഷാജി എൻ കരുൺ പറയുന്നുണ്ട്.


shaji N Karun ഷാജി എൻ കരുൺ: ഫോട്ടോ ജഗത് ലാൽ

ഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും 31 പുരസ്കാരങ്ങൾ നേടുകയുംചെയ്ത ‘പിറവി’, കാൻ ചലച്ചിത്രമേളയിൽ പാംദോറിന് നാമനിർദേശംചെയ്യപ്പെട്ട ‘സ്വം’, കാനിൽ ഔദ്യോഗികവിഭാഗത്തിൽ പ്രദർശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തർദേശീയതലത്തിൽ മലയാളസിനിമയുടെ അഭിമാനം ഉയർത്തി.


2014 ൽ പുറത്തിറങ്ങിയ സ്വപാനത്തിൽ ജയറാമും ഒഡീസി നർത്തകി കാദംബരിയുമായിരുന്നു മുഖ്യവേഷത്തിൽ. മേളകലാകാരൻ ഉണ്ണികൃഷ്ണ മാരാരും മോഹിനിയാട്ട കലാകാരി നളിനിയും തമ്മിലുള്ള ബന്ധമാണ് കഥയ്ക്ക് അടിസ്ഥാനമായത്. വാനപ്രസ്ഥം കഥകളി നടനിലൂടെ വികസിച്ചപ്പോൾ ചെണ്ടക്കാരന്റെയും മോഹിനിയാട്ട നർത്തികിയുടെയും ജീവിതത്തിലൂടെ സ്വപാനം ആവിഷ്കരിപ്പെട്ടു. ‘സ്വപാന’ത്തിനുശേഷം പുറത്തിറങ്ങിയ ‘ഓള്’എന്ന് നാമകരണം ചെയ്തിട്ടുള്ള ചിത്രം മാനഭംഗത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്‌നേഹാന്വേഷണങ്ങളെ അസ്പദമാക്കിയുള്ളതാണ്.


ആദ്യസിനിമയായ പിറവിയാണ് ഏറ്റവും അധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയത്. പ്രേംജിക്ക് മികച്ച നടനുള്ള ദേശീയ – സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചതും ഈ സിനിമയിൽ ആയിരുന്നു. അടിയന്തരാവസ്ഥ കാലത്തെ രാജൻ തിരോധാന കേസാണ് പ്രമേയം. സ്വം വര്‍ത്തമാനകാലം ബ്ലാക്ക് ആന്റ് വൈറ്റിലും ഫ്ലാഷ്ബാക്ക് കളറിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ നിറം മങ്ങിയ വര്‍ത്തമാനകാലവും സജീവമായ ഭൂതകാലവും കാണിക്കാനാണ് ഇങ്ങനെ ചെയ്തത് എന്ന് ഷാജി എൻ കരുൺ പറയുകയുണ്ടായി. രണ്ടാമത്തെ ചിത്രമായ സ്വം അന്നോളം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്.

 Shaji N Karun

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും (തമ്പ് -1979) മൂന്ന് സംസ്ഥാന അവാർഡുകളും (ഒരിടത്ത്, എസ്തപ്പാൻ, കാഞ്ചന സീത) നേടിയിട്ടുണ്ട്. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. 1999 ൽ കലാസാംസ്കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്’ ലഭിച്ചു. 2011 ൽ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.

 

1952-ൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി എൻ. കരുൺ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ബിരുദവും 1974-ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975-ൽ കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷന്റെ രൂപവത്‌കരണവേളയിൽ ആസൂത്രണത്തിൽ മുഖ്യപങ്കുവഹിച്ചു. 1998-ൽ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു. നിലവിൽ കെ എസ് എഫ് ഡി സി ചെയർമാനാണ്.



deshabhimani section

Related News

View More
0 comments
Sort by

Home