ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

THAMARASERY
വെബ് ഡെസ്ക്

Published on May 21, 2025, 04:44 PM | 1 min read

തിരുവനന്തപുരം: താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ആറ് പ്രതികളുടേയും ഫലം പ്രസിദ്ധീകരിച്ചതെന്നും വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നതിൽ തടസമില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്‌(15) മരിച്ചത്. താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു മുഹമ്മദ്‌ ഷഹബാസ്‌. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളായ ആറ് പേരെയാണ്‌ പൊലീസ് അറസ്റ്റ് ചെയ്തത്.


താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന്‌ സമീപത്തുവച്ച് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്‌എസ്‌എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷൻ സെന്ററിലെ പരിപാടിയിക്കിടെ താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവിയെന്നു പറഞ്ഞാണ് വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടത്.


അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും പിന്നീട്‌ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ്‌ ഗ്രൂപ്പിലൂടെ സംഘടിച്ച്‌ വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എങ്കിലും മാർച്ച് ഒന്നിന് മരിച്ചു. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായിരുന്നു. വിദ്യാർഥികൾ നിലവിൽ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home