ഷഹബാസിന്റെ കൊലപാതകം ; പ്രതികൾക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി
കോഴിക്കോട് താമരശേരിയിൽ 10–-ാം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ചുകൊന്ന കേസിലെ പ്രതികൾക്ക് തുടർപഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. വ്യാഴാഴ്ച പ്ലസ്‌വൺ പ്രവേശന നടപടികളിൽ പങ്കെടുപ്പിക്കാൻ പ്രതികളെ പാർപ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്നിലെ ജുവനൈൽ ഒബ്സർവേഷൻ ഹോം സൂപ്രണ്ടിന് നിർദേശം നൽകി. മൂന്ന് സ്കൂളുകളിലായി അലോട്ട്‌മെന്റ് ലഭിച്ച ആറുപ്രതികൾക്ക് അവിടെ നേരിട്ടോ ഓൺലൈനായോ ഹാജരാകാൻ സൗകര്യമൊരുക്കാനാണ് നിർദേശം. പ്രതികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവിട്ടത്.
പ്രവേശനനടപടിക്രമങ്ങൾക്കായി വ്യാഴം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തടവിൽ ഇളവ് നൽകിയിട്ടുണ്ട്. പ്രതികളെ സ്‌കൂളുകളിൽ എത്തിക്കുന്നതിന് സുരക്ഷ നൽകാൻ താമരശേരി പൊലീസിനും നിർദേശം നൽകി.
ഉപരിപഠനം നിഷേധിക്കാനാകില്ലെന്ന് സൂചിപ്പിച്ച കോടതി, സ്കൂൾപ്രവേശനം സമയബന്ധിതമായതിനാൽ പരിമിതസമയത്തേക്ക് ഇളവ് അനുവദിക്കുകയായിരുന്നു. പ്രതികളെ പുറത്തിറക്കുന്നതിന്, ആവശ്യമെങ്കിൽ രക്ഷിതാക്കളുടെ വ്യക്തിഗത ബോണ്ട് വാങ്ങാമെന്നും നിർദേശിച്ചു.
പഠിച്ച വിദ്യാലയത്തിൽനിന്ന് ടിസിയും സ്വഭാവ സർട്ടിഫിക്കറ്റും നൽകിയിട്ടില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. രക്ഷിതാക്കൾ ഹാജരായാലും സർട്ടിഫിക്കറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചു.









0 comments