ഷഹബാസിന്റെ കൊലപാതകം ; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി
കോഴിക്കോട് താമരശേരിയിൽ 10–-ാം ക്ലാസ് വിദ്യാർഥി ഷഹബാസിനെ (15) സഹപാഠികൾ മർദിച്ചുകൊലപ്പെടുത്തിയെന്ന കേസിൽ ആറുപ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജി പരിഗണിച്ചപ്പോൾ കേസ്ഡയറി ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. കുറ്റാരോപിതരായ വിദ്യാർഥികളുടെ 10–-ാംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സർക്കാരിനോട് ആരാഞ്ഞു. കുറ്റകൃത്യവും പരീക്ഷയും തമ്മിൽ ബന്ധമില്ല. പരീക്ഷയെഴുതാൻ അനുവദിച്ചശേഷം ഫലം തടഞ്ഞത് ശരിയല്ല. ഫലം പ്രസിദ്ധീകരിക്കാൻ ബാലാവകാശ കമീഷന്റെ നിർദേശമുണ്ട്. കുറ്റകൃത്യം ചെയ്‌തെന്നപേരിൽ പരീക്ഷ എഴുതുന്നതിൽനിന്ന് വിലക്കാനാകുമോയെന്നും കോടതി ആരാഞ്ഞു. ജാമ്യഹർജിയായതിനാൽ പരീക്ഷാഫലത്തിൽ ഇടപെടാനാകില്ലെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും ഹർജിക്കാരോട് നിർദേശിച്ചു.
ഏകജാലക സംവിധാനംവഴി പ്ലസ്‌വണ്ണിന് അപേക്ഷിക്കേണ്ട അവസാനദിവസം ചൊവ്വാഴ്ചയാണെന്ന് ഹർജിക്കാർ കോടതിയെ നേരത്തേ അറിയിച്ചിരുന്നു. കൂടാതെ ഫലം പ്രഖ്യാപിക്കാൻ ബാലാവകാശ കമീഷൻ നിർദേശിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ബോധിപ്പിച്ചു. നിലവിൽ പ്രതികൾ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണുള്ളത്.
പ്രതികളെ ജാമ്യത്തിൽ വിട്ടാൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും അവരുടെ ജീവൻ അപകടത്തിലാകുമെന്നും വിലയിരുത്തി നേരത്തേ ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ട്യൂഷൻ സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിൽ ഷഹബാസിനെ ഒരുകൂട്ടം വിദ്യാർഥികൾ മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തലയ്ക്ക് പരിക്കേറ്റ ഷഹബാസ് ഫെബ്രുവരി 28നാണ് മരിച്ചത്.









0 comments