കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ; എംജിയിൽ എസ്‌എഫ്‌ഐ തേരോട്ടം

എറണാകുളം മഹാരാജാസ് കോളേജിൽ ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് വിജയിച്ച മുഹമ്മദ് അഫ്രീദിനെ എടുത്തുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന എസ്എഫ്ഐ പ്രവർത്തകർ / ഫോട്ടോ: സുനോജ് നൈനാൻ മാത്യു
കോട്ടയം
എംജി സർവകലാശാലയിലെ കോളേജുകളിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക് മുൻതൂക്കം. തെരഞ്ഞെടുപ്പ് നടന്ന 122 കോളേജുകളിൽ 102ഉം എസ്‌എഫ്‌ഐ നേടി. 44 ഇടത്ത് എതിരില്ലാതെയാണ് വിജയിച്ചത്. എറണാകുളത്ത് 41ൽ 34 ഇടത്ത് വിജയിച്ചു. 12 കോളേജുകളിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ വിജയിച്ചു.
കൊച്ചിൻ, ഇടക്കൊച്ചി സിയന്ന, മണിമലക്കുന്ന്, തൃക്കാക്കര ഭാരത് മാത, കുന്നുകര എംഇഎസ്, പിറവം ബിപിസി കോളേജുകൾ കെഎസ്‌യുവിൽനിന്നും മൂവാറ്റുപുഴ ഇലാഹിയ കോളേജ് എംഎസ്‌എഫിൽനിന്നും തിരിച്ചുപിടിച്ചു. ഭാരത്‌മാതയിൽ നാല് വർഷത്തിനുശേഷവും ബിപിസിയിൽ മൂന്ന് വർഷത്തിനുശേഷവുമാണ് വിജയം.
പത്തനംതിട്ടയിൽ 20 കോളേജുകളിൽ 19ലും വിജയിച്ചു. കോന്നി എൻഎസ്‌എസ് കോളേജ് എബിവിപിയിൽനിന്ന് പിടിച്ചെടുത്തു. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ പരുമല ഡിബി, കോന്നി കിഴക്കുപുറം എസ്‌എൻഡിപി യോഗം, മല്ലപ്പള്ളി ബിഎഎം , കോന്നി വിഎൻഎസ് കോളേജുകളിൽ മുഴുവൻ സീറ്റുകളിലും എതിരില്ലാതെ വിജയിച്ചിരുന്നു.
കോട്ടയത്ത് 35 കോളേജുകളിൽ 28ലും വിജയിച്ചു. ചങ്ങനാശേരി എസ്ബി കോളേജ് രണ്ട് വർഷത്തിന് ശേഷം കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. നാട്ടകം ഗവൺമെന്റ് കോളേജ്, പാമ്പാടി കെജി കോളേജ്, വാഴൂർ എസ്‌വിആർ എൻഎസ്എസ് എന്നിവിടങ്ങളിലും വിജയക്കൊടി പാറി. 14 കോളേജിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇടുക്കിയിലെ 26ൽ 20 കോളേജിലും വിജയപതാക പാറി. ശാന്തൻപാറ ഗവ. കോളേജ്, മുരിക്കാശേരി മാർ സ്ലീവ കോളേജ് എന്നിവ കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. 14 ഇടത്തും നാമനിർദേശപത്രിക സമർപ്പിച്ചപ്പോൾത്തന്നെ എസ്‌എഫ്‌ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആലപ്പുഴയിൽ എംജിക്ക് കീഴിലെ ഏക കോളേജായ എടത്വ സെന്റ് അലോഷ്യസിൽ വിജയിച്ചു.









0 comments