'കോൺഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?'; യൂത്ത് കോൺഗ്രസിനോട് ധീരജിന്റെ അച്ഛൻ


സ്വന്തം ലേഖകൻ
Published on May 16, 2025, 11:16 AM | 1 min read
തളിപ്പറമ്പ് : ‘എന്റെ പൊന്നുമോന്റെ നെഞ്ചിലേക്ക് കുത്തിയിറക്കിയ കത്തി കൈയിലുണ്ടെങ്കിൽ, നിങ്ങൾ പറയുന്നിടത്തേക്ക് ഞാൻ വരാം. ആ കത്തികൊണ്ട് കോൺഗ്രസുകാരനായ എന്നെയുംകൂടി കൊന്നുതരാമോ?’’ –- ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ കെഎസ്‌യു –-യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ ഹൃദയവേദനയോടെ ചോദിക്കുന്നു.
‘ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്‌ത്തിയിട്ടില്ല’ എന്ന് മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജേന്ദ്രന്റെ പ്രതികരണം.
‘ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജിലെ മിടുക്കനായ വിദ്യാർഥിയായിരുന്നില്ലേ എന്റെ മോൻ. കോളേജ് തെരഞ്ഞെടുപ്പിൽ പുറത്തുനിന്ന് വന്ന യൂത്ത് കോൺഗ്രസ് നേതാവുംകൂടി ചേർന്നല്ലേ അവനെ കുത്തിയത്. ഞാൻ പലതവണ വോട്ടുചെയ്‌ത് വിജയിപ്പിച്ച കെ സുധാകരൻ പറഞ്ഞത് ‘ഇരന്നുവാങ്ങിയ മരണം’ എന്നാണ്. കൊന്നിട്ടും കലിതീർന്നിട്ടില്ല. 45 വർഷം ഗാന്ധിയൻ ആശയങ്ങളുമായി നിങ്ങളുടെകൂടെ നടന്നതല്ലേ ഞാൻ. ധീരജ് കൊലചെയ്യപ്പെട്ടിട്ട് മൂന്നു വർഷം കഴിഞ്ഞു. ഒരാശ്വാസവാക്കു പറയാൻ ഇന്നോളം നിങ്ങളാരും വന്നില്ല. ഒന്ന് വിളിക്കുകകൂടി ചെയ്‌തില്ല. അവനെ കൊന്നിട്ട് നിങ്ങളെന്തു നേടി. വീണ്ടുമുള്ള കൊലവിളി മലപ്പട്ടത്തുനിന്ന് കേട്ടു. അതിന് നേതൃത്വം നൽകിയവരോട് പറയണം, ഈ അച്ഛനെയുംകൂടൊന്ന് കൊന്നുതരാൻ.’’–രാജേന്ദ്രൻ പറഞ്ഞു.
2022 ജനുവരി 10നാണ് കെഎസ്‌യു–- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആസൂത്രിതമായി ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത്.









0 comments