'ആർഎസ്‌എസ് അജണ്ട അനുവദിക്കില്ല'; സർവകലാശാലകളിൽ അലയടിച്ച് വിദ്യാർഥി പ്രതിഷേധം

കാലിക്കറ്റ് സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എസ്എഫ്ഐ. ഗവർണർ നിയമിച്ച വൈസ് ചാൻസിലർമാർക്കെതിരെ കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി. പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഭരണ വിഭാഗത്തിന് മുന്നിൽ വെച്ച് കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. ഏറെ നേരം പൊലീസും പ്രവർത്തകരും ബലപ്രയോഗമുണ്ടായി. പ്രതിഷേധം ഭയന്ന് മാർച്ച് എത്തുന്നതിന് മുമ്പ് താൽക്കാലിക വി സി ഡോ. പി രവീന്ദ്രൻ ഓഫീസിൽ നിന്നും ഒളിച്ചോടി. മാർച്ച് എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സർവകലാശാലയിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന സമരം എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിന്‍രാജ് പായം ഉദ്ഘാടനം ചെയ്തു.









0 comments