ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണൂർ നടിക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കണ്ടെത്തൽ. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാർഥ പ്രയോഗങ്ങളെന്നും കുറ്റപത്രത്തിലുണ്ട്.
ലൈംഗിക അധിക്ഷേപത്തിന് പുറമേ പിന്തുടർന്ന് ശല്യം ചെയ്തതിന്റെ വകുപ്പും ചുമത്തി. സോഷ്യൽ മീഡിയയിലൂടെ പലർക്കുമെതിരെ ബോബി നടത്തിയ ലൈംഗികാധിക്ഷേപത്തിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു. അഭിമുഖങ്ങളുടെ വീഡിയോ ക്ലിപ്പുകളും, നടിയുടെ രഹസ്യമൊഴിയും, സാക്ഷി മൊഴികളും കുറ്റപത്രത്തിൽ ചേർത്തു. നടിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസടുത്തത്.
നേരത്തെ, നടി നൽകിയ ലെെംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂർ അറസ്റ്റിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ബോബി ചെമ്മണൂർ പുറത്തിറങ്ങിയത്. ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ബോബി ചെമ്മണൂരിന് ഒരു പ്രത്യേക പരിഗണനയും നൽകാനാവില്ലെന്നും കോടതി പറഞ്ഞിരുന്നു. ജയിൽ മോചിതനായ ശേഷം ബോബി ചെമ്മണൂർ പരസ്യമായി മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.









0 comments