ലൈംഗികാതിക്രമ കേസ്: മുൻമന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി

കൊച്ചി: വനിതാ ഐഎഫ്എസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസിൽ മുൻ വനംമന്ത്രി എ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി വെറുതെവിട്ടു. വിചാരണക്കോടതിയുടെയും സെഷൻസ് കോടതിയുടെയും വിധികൾ റദ്ദാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ വിധി. നീലലോഹിതദാസൻ നാടാർ സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ചാണ് നടപടി. ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ ശിക്ഷിക്കണമെങ്കിൽ മൊഴി വിശ്വസനീയമായിരിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയുടെ വെളിച്ചത്തിലാണ് ഹൈക്കോടതി വിധി.
രണ്ടു വർഷത്തിലേറെ കഴിഞ്ഞായിരുന്നു പരാതിയെന്നും കാലതാമസം വിശദീകരിച്ചത് തൃപ്തികരമല്ലെന്നും കോടതി വിലയിരുത്തി. മന്ത്രിക്കെതിരെയായതിനാൽ പരാതി നൽകാൻ ഭയമായിരുന്നുവെന്ന വിശദീകരണം തൃപ്തികരമാണെങ്കിലും മന്ത്രിസ്ഥാനം രാജിവച്ചശേഷമുള്ള കാലതാമസം വിശദീകരിക്കാനായിട്ടില്ല. പരാതിക്കാരിയുടെ മൊഴി സംശയാതീതമല്ല. വൈരുധ്യവുമുണ്ട്. പരാതിക്കാരിയുടെ അമ്മയുടെയും സുഹൃത്തിന്റെയും മൊഴി വിശ്വസനീയമല്ല. കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം വാദം തള്ളാനാകില്ലെന്നും വിധിയിൽ പറഞ്ഞു.
നീലലോഹിതദാസൻ നാടാർക്ക് വിചാരണക്കോടതി ഒരുവർഷം തടവ് വിധിച്ചിരുന്നു. അപ്പീലിൽ സെഷൻസ് കോടതി ശിക്ഷ മൂന്ന് മാസമായി കുറവ് ചെയ്തു. തെളിവുകൾ കൈകാര്യം ചെയ്‌തതിൽ വിചാരണക്കോടതിയുടെയും അപ്പീൽ കോടതിയുടെയും മുഴുവൻ സമീപനവും തെറ്റായിരുന്നുവെന്നും വിശ്വസനീയമായ തെളിവില്ലാതെയായിരുന്നു ഇരു കോടതികളുടെയും വിധിയെന്നും ഹൈക്കോടതി പറഞ്ഞു.









0 comments