മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതികൾ: അതിജീവിതകളുടെ മൊഴിയെടുക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ഗുരുതര ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ക്രൈം ബ്രാഞ്ച് അതിജീവിതകളുടെ മൊഴിയെടുക്കും. അതിജീവിതകൾ മൊഴി നൽകാൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. തുടർന്ന് രാഹുലിനെയും അന്വേഷക സംഘം ചോദ്യം ചെയ്യും.
ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗർഭഛിദ്രം നടത്താൻ രാഹുൽ നിർബന്ധിച്ച സംഭവത്തിൽ പെൺകുട്ടി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും. രാഹുലിനെതിരെ ആരോപണമുന്നയിച്ച മറ്റ് രണ്ട് സ്ത്രീകളുടെയും മൊഴി രേഖപ്പെടുത്താനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകും
ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്‌പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് മേൽനോട്ടം വഹിക്കും.പരാതികൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം രൂപീകരിക്കും. സൈബർ വിഭാഗത്തിൽ നിന്നുള്ള വിദഗ്ധൻ, വനിതാ ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടാകും.









0 comments