സ്വന്തം നിലയിൽ നിയമനം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർക്ക് തിരിച്ചടി

തിരുവനന്തപുരം : സ്വന്തം നിലയിൽ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ നിയമനങ്ങൾ നടത്താനുള്ള സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലർ ശിവപ്രസാദിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു. നിലവിലുള്ള രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും കാലാവധി നീട്ടിനൽകാനുള്ള സിൻഡിക്കേറ്റിന്റെയും സർക്കാരിന്റെയും നിർദ്ദേശം മറികടന്ന് പുതിയ നിയമനത്തിനായി വൈസ് ചാൻസലർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു.
നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ വിധി വരും മുൻപ് തന്നിഷ്ടപ്രകാരം നടപടികൾ സ്വീകരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സർക്കാരിനെയും സിൻഡിക്കറ്റിനെയും മറികടന്നു പോകാൻ മുൻ ചാൻസലർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ച താൽക്കാലിക വൈസ് ചാൻസലർമാർ നടത്തുന്ന നീക്കങ്ങൾ തുടർച്ചയായി കോടതിയിൽ പരാജയപ്പെടുന്നതാണ് കാണുന്നത്. കേരള സർവകലാശാലയിലും സമാനമായ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായിരുന്നു.ഇന്നത്തെ വിധിയിൽ വൈസ് ചാൻസലർക്ക് പ്രത്യേക നോട്ടീസ് അയയ്ക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.









0 comments