വയോജനങ്ങൾക്ക് ഇൻഷുറൻസും വാതിൽപ്പടി സേവനങ്ങളും ; സംസ്ഥാന വയോജന നയം കരട് പ്രസിദ്ധീകരിച്ചു


ജെയ്സൻ ഫ്രാൻസിസ്
Published on Jul 26, 2025, 03:00 AM | 2 min read
കൊച്ചി
മുതിർന്ന പൗരർക്ക് ക്ഷേമവും അന്തസ്സും കരുതലും ഉറപ്പാക്കുന്ന പദ്ധതികളും നിർദേശങ്ങളുമായി സംസ്ഥാന വയോജന നയം 2025ന്റെ കരട് പ്രസിദ്ധീകരിച്ചു. വയോജന സൗഹൃദരംഗത്ത് ആഗോളതലത്തിൽ കേരളത്തെ കൂടുതൽ മികച്ച മാതൃകയാക്കാൻ പ്രാപ്‌തമാക്കുന്നതും നിലവിലെ വെല്ലുവിളികൾക്ക് പരിഹാരം സാധ്യമാക്കുന്നതുമാണ് സാമൂഹ്യനീതിവകുപ്പ് പ്രസിദ്ധീകരിച്ച കരട്.
താഴ്ന്നവരുമാനക്കാർക്ക് രോഗപ്രതിരോധം, ചികിത്സ, ദീർഘകാലപരിചരണം എന്നിവ ഉൾപ്പെടുന്ന പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി തയ്യാറാക്കുമെന്ന് നയത്തിലുണ്ട്. സബ്സിഡി നിരക്കിൽ പ്രീമിയങ്ങളുള്ള പദ്ധതിയാകുമിത്.
സാംക്രമികേതര രോഗങ്ങൾ കണ്ടെത്താനും തടയാനും സാംക്രമികേതര രോഗപരിശോധന 35 വയസ്സുമുതൽ നിർബന്ധമാക്കും. മറവിരോഗപരിശോധന, പാർക്കിൻസൺ രോഗം മുൻകൂട്ടി കണ്ടെത്തൽ, നാഡീവ്യവസ്ഥ പരിശോധന എന്നിവയ്‌ക്ക് സൗകര്യമൊരുക്കും. രോഗങ്ങളിൽനിന്ന് മുതിർന്നവരെ സംരക്ഷിക്കാൻ പ്രതിരോധ കുത്തിവയ്‌പ് പദ്ധതി വികസിപ്പിക്കും. അർഹതയുള്ളവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന ചെലവിലും നൽകും.
അവശ്യസേവനങ്ങൾ യഥാസമയം എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾവഴി വാതിൽപ്പടി സേവന വിതരണ സംവിധാനം സജ്ജമാക്കും. സാമൂഹിക സുരക്ഷാ പെൻഷൻ, മരുന്ന്, മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, പൊതുവിതരണ സംവിധാനം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിപോലുള്ള പദ്ധതികളിലെ ആനുകൂല്യങ്ങൾ തുടങ്ങിയ അവശ്യസേവനങ്ങൾ വീട്ടുവാതിൽക്കൽ എത്തും.
പരാശ്രയം കൂടാതെ ജീവിക്കാനാകാത്തവർക്ക് താൽക്കാലിക പരിചരണത്തിന് സംസ്ഥാന–- ജില്ലാതലങ്ങളിൽ താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ, ബ്ലോക്ക്തലത്തിൽ താൽക്കാലിക പരിചരണ കേന്ദ്രങ്ങൾ എന്നിവ ഒരുക്കാനും പദ്ധതിയുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജനറൽ ആശുപത്രികളിലും കാരുണ്യപൂർവമായ ജീവിതാന്ത്യ പരിചരണം ഉറപ്പാക്കാൻ അഭയകേന്ദ്രങ്ങൾ സ്ഥാപിക്കും.
മറ്റുപ്രധാന പദ്ധതികൾ, നിർദേശങ്ങൾ
അതിക്രമം തടയാനും വയോജനങ്ങളെയും അവരുടെ സ്വത്തുക്കളും സംരക്ഷിക്കാനും കുറ്റവാളികൾക്ക് കർശനശിക്ഷ ഉറപ്പാക്കാനും സമഗ്രമായ സംസ്ഥാന നിയമം. കുറ്റകൃത്യങ്ങൾ കൈകാര്യംചെയ്യാൻ ഫാസ്റ്റ് ട്രാക്ക് സംവിധാനം. വാർധക്യവിജ്ഞാന പഠനമേഖലയിൽ മികവിന്റെ കേന്ദ്രം. സർക്കാർ ആശുപത്രികളിൽ ഫീസിളവ്. താലൂക്ക്, ജില്ലാ ആശുപത്രികളിൽ വാർധക്യ രോഗചികിത്സാവിദഗ്ധർ.
വിഷാദം, മറവി, ഏകാന്തത തുടങ്ങിയ മാനസികാരോഗ്യ വെല്ലുവിളികൾക്ക് ചികിത്സാപരിപാടികൾ. പരിചരണ പദ്ധതികൾ വ്യക്തിഗതമാക്കാനും രോഗങ്ങളുടെ ഫലപ്രദ നിരീക്ഷണത്തിനും ആരോഗ്യ തിരിച്ചറിയൽ കാർഡ്. ഇ–-ഹെൽത്ത് സംവിധാനം,
ടെലി മെഡിസിൻ, ആരോഗ്യ നിരീക്ഷണ ഉപകരണങ്ങൾ, സഹായക സാങ്കേതികവിദ്യകൾ എന്നിവയും ലഭ്യമാക്കും.
സാമ്പത്തികമായി പിന്നാക്കമായവർക്ക് പിഎച്ച്‌സിയിലേക്ക് ഗതാഗതസൗകര്യം. അനൗപചാരിക തൊഴിൽ മേഖലയിലുള്ളവർക്ക് ഇൻഷുറൻസ്. സാമൂഹിക, ക്ഷേമപെൻഷനുകൾ ഉറപ്പാക്കും. മുതിർന്നവരെ പരിചരിക്കുന്നവർക്ക് സാമ്പത്തിക സഹായം. ആരോഗ്യ, വാണിജ്യസ്ഥാപനങ്ങൾ, പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ച്–- വയോജന സൗഹൃദ സർക്കുലർ ബസ് സർവീസ്. തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കാൻ നൈപുണ്യ രജിസ്ട്രി. സബ്സിഡിയോടെ ഭവനനവീകരണ പദ്ധതി എന്നീ നിർദേശങ്ങളുമുണ്ട്.









0 comments