സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ 52–ാം വാർഷിക സമ്മേളനം എ കെ ജി സ്‌മാരക ഹാളിൽ (വി എസ് അച്യുതാനന്ദൻ നഗർ) സംസ്ഥാന കൗൺസിൽ യോഗത്തോടെ ആരംഭിച്ചു. ഇന്ന് (ഒക്ടോബർ 14) പകൽ 11.30ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളന നഗറിനു മുന്നിൽ പ്രസിഡന്റ് പി ഹണി പതാക ഉയർത്തി. കൗൺസിൽ യോഗത്തിൽ സെക്രട്ടറി നാഞ്ചല്ലൂർ ശശികുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സിന്ധുഗോപൻ രക്തസാക്ഷിപ്രമേയവും എസ് പത്മകുമാർ അനുശോചനവും അവതരിപ്പിച്ചു. വി എസ് അച്യുതാനന്ദൻ അനുസ്‌മരണ പ്രമേയം പ്രേമാനന്ദ് തെക്കുംകര അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അശോക്‌കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
12–ാം ശമ്പളകമീഷനെ നിയമിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങൾ അംഗീകരിച്ചു. 28 അംഗ നിർവാഹക സമിതിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ചൊവ്വ രാവിലെ 10.30ന് പ്രകടനം. വൈകിട്ട് നാലിന് കുടുംബസംഗമം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് തൈക്കുടം ബ്രിഡ്ജിന്റെ ഗാനമേള.









0 comments