വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; രണ്ടാം കുറ്റപത്രം സമർപ്പിച്ചു

അഫാനെ കിളിമാനൂര്‍ പൊലീസ് കോടതിയില്‍നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ അഫാന്റെ പിതൃസഹോദരൻ അബ്ദുൽ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 24നാണ് സംഭവം. പിതൃമാതാവ് സൽമാ ബിവി, അഫാന്റെ സഹോദരൻ അഹ്‌സാൻ, സുഹൃത്ത് ഫർസാന, പിതൃസഹോദരൻ അബ്ദുൽ ലത്തിഫ്, ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. സൽമാ ബീവിയെ കൊലപ്പെടുത്തിയതോടെയാണ് അഫാൻ കൊലപാതക പരമ്പരയ്‌ക്ക് തുടക്കമിട്ടത്. തുടർന്ന് മറ്റ് നാല് പേരെക്കൂടി കൊലപ്പെടുത്തിയശേഷം വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആർഭാട ജീവിതം നയിച്ചതുമൂലമുണ്ടായ സാമ്പത്തിക ബാധ്യതയെത്തുടർന്ന് മുത്തശ്ശിയോട് പണവും സ്വർണവും ആവശ്യപ്പെട്ടത് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാൻ പാങ്ങോട് പൊലീസിന് നൽകിയ മൊഴിയെന്നാണ് വിവരം.
അഫാന്റെ നില ഗുരുതരമായി തുടരുന്നു
സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാൻ വെന്റിലേറ്ററിൽ ഗുരുതരമായി തുടരുന്നു. ഞായർ പകൽ പതിനൊന്നോടെയാണ് അഫാൻ ശുചിമുറിയിൽ മുണ്ടുപയോഗിച്ച് തൂങ്ങിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചിട്ടുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലെ അതീവസുരക്ഷയുള്ള യുടി ബ്ലോക്കിലെ സെല്ലിലായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. ടിവി കാണാനായി പുറത്തിറക്കിയപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽമൂലമാണ് അഫാനെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതെന്നും ജയിൽ മേധാവിക്ക് ജയിൽ സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.









0 comments