വയനാട്ടില്‍ ജനവാസ മേഖലയിലെ കടുവ സാന്നിധ്യം പരിശോധിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

a k saseendran
വെബ് ഡെസ്ക്

Published on Jan 27, 2025, 10:03 PM | 2 min read

കൽപ്പറ്റ: വയനാട്ടിൽ ജനവാസ മേഖലയില്‍ കടുവകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലയിലെ വനമേഖലയിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ വ്യാപകമായ തിരച്ചിൽ നടത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. മാനന്തവാടി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.


നരഭോജിയായ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് വനം വകുപ്പ് ഊർജ്ജിതമായ തിരച്ചിൽ തുടരുന്നത്. നോർത്ത് - സൗത്ത് ഡിവിഷനുകളിലായി ആറ് മേഖലകളായി തിരിച്ചാണ് പ്രത്യേക ടീം തെരച്ചിൽ നടത്തുക. കടുവ സാന്നിദ്ധ്യം സംശയിക്കുന്ന പ്രദേശങ്ങളും ഇതിൽപ്പെടും. സർക്കാർ ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


അടിക്കാടുകൾ വെട്ടിമാറ്റും


വനാതിർത്തികളിലെ അടിക്കാടുകൾ വെട്ടിമാറ്റുന്നത് ഊർജ്ജിതമാക്കും. സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റാത്ത തോട്ടം ഉടമകൾക്കെതിരെ നിയമ നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. വനത്തിന് പുറത്തുള്ള വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യത്തിന് കാരണമാകുന്ന അടിക്കാടുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വെട്ടിമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കും. വനാതിർത്തികളിൽ സോളാർ ഹാങ്ങിങ്ങ് ഫെൻസിങ്ങ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. നബാർഡിന്റെ സഹായത്തോടെ 15 കോടിയുടെ ഫെൻസിങ്ങ് നിർമ്മാണ ജോലികൾ ജില്ലയിൽ നടപ്പാക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേനയും ഫണ്ട് ലഭ്യമാക്കും.


1000 ക്യാമറകൾ സ്ഥാപിക്കും


വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യവും നീക്കവും മനസ്സിലാക്കുന്നതിനായി 1000 ലൈവ് ക്യാമറകൾ സ്ഥാപിക്കും. കർഫ്യു കാരണം തൊഴിൽ നഷ്ടപ്പെട്ട പ്രിയദർശിനി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ട ദിനങ്ങളിലെ വേതനം നൽകുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.


കേന്ദ്ര സഹായം ലഭിക്കുന്നില്ല


സംസ്ഥാനത്തെ വന്യജീവി സംഘർഷം ഇല്ലാതാക്കുന്നതിനും മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി 620 കോടി രൂപയുടെ പദ്ധതി കേന്ദ്ര സർക്കാരിന് സമർപിച്ചിട്ടുണ്ട്. അഞ്ച് തവണ കേന്ദ്ര മന്ത്രിയെ കണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല. വനമേഖലയിൽ മൃഗങ്ങൾക്കാവശ്യമായ വെള്ളം ലഭിക്കുന്നതിന് 300 ചെറുകുളങ്ങൾ നിർമ്മിക്കും. ഇന്റർ‌സ്റ്റേറ്റ് മിനിസ്റ്റേഴ്‌സ് കൗൺസിൽ പ്രവർത്തനം ശക്തമാക്കും. കടുവാ ആക്രമണത്തിൽ മരണപ്പെട്ട രാധയുടെ കുടുംബത്തിനുള്ള ബാക്കി ധന സഹായം രണ്ട് ദിവസത്തിനകം നൽകും. നിലവിലുള്ള വനനിയമം കാലഹരണപ്പെട്ടതാണ്. കാലോചിതമായി ഇത് പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയുടെ അഭിനന്ദനം


പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിന് ശേഷം വനം, പൊലീസ്, റവന്യു, തദ്ദേശ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചതായും വനം വകുപ്പ് മന്ത്രി അറിയിച്ചു. പഞ്ചാരക്കൊല്ലി കടുവാ ആക്രമണത്തിന് ശേഷം സർക്കാരും വനം, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരും നടത്തിയ പ്രവർത്തനങ്ങളേയും ഇതിന് നേതൃത്വം നൽകിയ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെയും മാനന്തവാടി നഗരസഭ അഭിനന്ദിക്കുന്നതായി മാനന്തവാടി നഗരസഭാ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉന്നതതല യോഗത്തിൽ പറഞ്ഞു.


ജില്ലാ കളക്റ്റർ ഡി ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി, മെമ്പർ ഉഷാകേളു, ഡി എഫ് ഒമാരായ മാർട്ടിൻ ലോവൽ, അജിത് കെ രാമൻ, അസി. കൺസർവേറ്റർ വൈൽഡ് ലൈഫ് സജ്‌ന കരീം, എഡിസിഎഫ് സൂരജ്ബെൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home