കടുവയെ പിടികൂടാൻ 2 കൂടുകൾ; ഡ്രോണും കുങ്കിയാനകളും സജ്ജം

കടുവയെ കണ്ടെത്താൻ വനപാലകര്‍ മരത്തില്‍ കാമറ സ്ഥാപിക്കുന്നു, കുങ്കിയാന കോന്നി സുരേന്ദ്രന്‍
കാളികാവ് (മലപ്പുറം): റബർ ടാപ്പിങ് തൊഴിലാളിയായ ഗഫൂറലിയെ കടിച്ചുകൊന്ന നരഭോജി കടുവയെ പിടികൂടാൻ കൂടുതൽ നടപടികളുമായി വനംവകുപ്പ്. അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ആക്രമണം നടന്നിടത്തുനിന്ന് വനത്തിൽ 10 കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്‌ച തിരച്ചിൽ നടത്തി. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ദ്രുതകർമ സേന പരിശോധന നടത്തിയത്.
60ഓളം പേരാണ് പരിശോധനക്കുള്ളത്. ഗഫൂറലിയുടെ മൃതദേഹം ലഭിച്ച പ്രദേശത്ത് രണ്ട് കൂടുകൾ സ്ഥാപിച്ചു. മൃതദേഹം കിടന്നിടത്തും ആക്രമണം നടന്നിടത്തുംമാത്രം ഒമ്പത് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കാടിനുള്ളിൽ 50 കാമറകൾ ഇതിനകം സ്ഥാപിച്ചു. പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായാണ് വിവരം. പരിശോധനക്ക് ഡ്രോണുകളും കുങ്കിയാനകളും സജ്ജമാണ്. മുത്തങ്ങയിൽനിന്ന് കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ ആനകളെയാണ് എത്തിച്ചത്. കടുവയുള്ള സ്ഥലം സ്ഥിരീകരിച്ചാൽ കുങ്കികളുടെ സേവനം ഉപയോഗപ്പെടുത്തും.
സിസിഎഫ് ഉമാ കമൽഹാറിന്റെയും വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെയും ഡിഎഫ്ഒ ജി ധനിക്‌ലാലിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. കടുവ കൂട്ടിലായില്ലെങ്കിൽ കുങ്കിയാനയെ ഉപയോഗപ്പെടുത്തി മയക്കുവെടിവയ്‌ക്കാനാണ് തീരുമാനം.
ചോക്കാട് കല്ലാമൂല കളപ്പറമ്പിൽ ഗഫൂറലിയെ (41)യാണ് വ്യാഴം രാവിലെ ഏഴോടെ റാവുത്തൻകാട് റബർ എസ്റ്റേറ്റിൽ കടുവ കൊലപ്പെടുത്തിയത്. സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് ഗഫൂറലിയുടെ പിൻവശത്തുകൂടി എത്തിയ കടുവ ആക്രമിക്കുകയായിരുന്നു. കൂടെ ജോലിചെയ്‌ത സുഹൃത്ത് കരുവൻതുരുത്തി സമദ് അത്ഭുകരമായാണ് രക്ഷപ്പെട്ടത്.
0 comments