സ്‌കൂൾ അടയ്‌ക്കുംമുമ്പേ അടുത്ത പുസ്‌തകം റെഡി

school text books
avatar
ബിജോ ടോമി

Published on Mar 23, 2025, 03:15 AM | 1 min read


തിരുവനന്തപുരം : സ്‌കൂൾ തുറന്ന്‌ പകുതിയായാലും പാഠപുസ്‌തകം കിട്ടാത്ത കാലമൊക്കെ എന്നോ മാറി. സ്‌കൂളടയ്‌ക്കുംമുമ്പ്‌ അടുത്ത വർഷത്തേക്കുള്ള പുസ്‌തകം കിട്ടിയാലോ. സംശയിക്കണ്ട, സംസ്ഥാനത്തെ സ്‌കൂളുകളിൽ അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തകങ്ങൾ തയ്യാർ. ചരിത്രത്തിൽ ആദ്യമായി പത്തിലെ പാഠപുസ്‌തകം ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുംമുമ്പ് വിതരണം ചെയ്യും. ഇതിന്റെ പ്രകാശനവും വിതരണ ഉദ്ഘാടനവും ചൊവ്വാഴ്‌ച നിയമസഭാ ചേംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റു ക്ലാസുകളിലെ പാഠപുസ്‌തകങ്ങളുടെ വിതരണോദ്ഘാടനം ഏപ്രിൽ രണ്ടാംവാരത്തിൽ.


ആദ്യഘട്ടത്തിൽ പരിഷ്‌കരിച്ച 1,3,5,7,9 ക്ലാസുകളിലെ 1.8 കോടി പുസ്‌തകം വിദ്യാലയങ്ങളിലെത്തി. രണ്ടാംഘട്ടത്തിൽ പരിഷ്‌കരിച്ച മറ്റു ക്ലാസുകളിലെ രണ്ടു കോടി പുസ്‌തകങ്ങളുടെ അച്ചടി അവസാനഘട്ടത്തിലും. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ എട്ടുവരെ ക്ലാസിലെ വിദ്യാർഥികൾക്ക് പുസ്‌തകം സൗജന്യമാണ്.


കേരള ബുക്ക്‌സ് ആന്റ് പബ്ലിഷിങ് സൊസൈറ്റിയുടെ എറണാകുളം കാക്കനാടുള്ള പ്രസിലാണ്‌ അച്ചടി. ഇത്‌ ജില്ലാ ടെക്‌സ്റ്റ്‌ ബുക്ക്‌ ഹബ്ബുകളിലൂടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ തരംതിരിച്ച്‌ ജില്ലാ സ്‌കൂൾ സൊസൈറ്റികളിലെത്തും.


ജനകീയ, വിദ്യാർഥി ചർച്ചകൾക്കുശേഷം രൂപീകരിച്ച പാഠ്യപദ്ധതി ചട്ടക്കൂടിനെ ആസ്‌പദമാക്കിയാണ്‌ പാഠപുസ്‌തകം പരിഷ്‌കരിച്ചത്‌. 2022 ഒക്‌ടോബറിൽ ആരംഭിച്ച പ്രവർത്തനത്തിൽ 1600 ലേറെ അധ്യാപകരും വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ധരും പങ്കാളിയായി. സമയബന്ധിതമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായത്‌ അഭിമാനകരമാണെന്ന്‌ എസ്‌സിഇആർടി ഡയറക്‌ടർ ഡോ. ആർ കെ ജയപ്രകാശ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home