സ്കൂൾ ഒളിമ്പിക്സ്: സംഗീതം ശിവങ്കരി

റഷീദ് ആനപ്പുറം
Published on Oct 19, 2025, 08:29 PM | 2 min read| Watch Time : 1m 34s
‘പടുത്തുയർത്താം കായിക ലഹരി
കേരളമണ്ണിൻ ഹരമായ്
വൈവിധ്യങ്ങൾ കൂട്ടിയിണക്കിയ
മനസ്സുകൾ നീളെ
അടിപതറാതെ മുന്നോട്ട്....’
തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഇനി കായിക പൂരത്തിന് രണ്ട് ദിവസം മാത്രം. ഇൗ മേളക്ക് ഇപ്പോഴേ ആവേശമായി തീം സോങ് പിറന്നു. കുട്ടികൾ രചിച്ച് സംഗീതം നൽകി പാടിയ ഇൗ പാട്ട് ഇന്ന് മലയാളികളുടെ ഹൃദയത്തിലേക്ക് പെയ്‌തിറങ്ങുകയാണ്, ചുണ്ടുകളിൽ പാട്ടിന്റെ മധുരം നിറയ്‌ക്കുകയാണ്. അങ്ങനെ, മലയാളികൾ ഇൗ പാട്ടിൽ ലയിക്കുമ്പോൾ, ഇവിടെ ഒരു കൂട്ടം കുട്ടികളുടെ മനസ്സും നിറയുന്നു. തലസ്ഥാനത്തെ പ്രമുഖ സർക്കാർ പള്ളിക്കൂടമായ വഴുതയ്‌ക്കാട് കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസിലെ ശിവങ്കരി പി തങ്കച്ചിയും കൂട്ടുകാരും സ്കൂൾ ഒളിമ്പിക്സ് തീം സോങ്ങിന്റെ ഭാഗമായതിന്റെ ത്രില്ലിലാണ്.
പാലക്കാട് പൊറ്റശ്ശേരി ജിജിഎച്ച്‌എസ്‌എസിലെ പ്രഫുൽദാസാണ് തീംസോങ് രചിച്ചത്. ആ വരികൾക്ക് ഇൗണം നൽകിയത് കോട്ടൺഹിൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ശിവങ്കരി പി തങ്കച്ചിയാണ്. പാടിയതാകട്ടെ ശിവങ്കരിയും കൂട്ടുകാരായ നവമി ആർ വിഷ്‌ണു, അനഘ എസ് നായർ, ലയ വില്യം, എ പി കീർത്തന, മോഡൽ ബോയ്‌സ് എച്ച്‌എസ്‌എസിലെ കെ ആർ നന്ദകിഷോർ, പി ഹരീഷ്, ആർ അഥിത്ത് എന്നിവരുമാണ്. ഇതിനകം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു ഇൗ പാട്ട്.
സ്കൂൾ ഒളിമ്പിക്സിന്റെ തീം സോങ് റെക്കോർഡിങ്ങിനിടെ ശിവങ്കരിയും കൂട്ടുകാരും
പഠനത്തോടൊപ്പം സംഗീതത്തോടും ശിവങ്കരി കൂട്ടു കൂടിയിട്ട് വർഷങ്ങളായി. ഒമ്പത് വർഷമായി പിയാനോ പരിശീലിക്കുന്നു. ഗിറ്റാറും ഹാർമോണിയവും ശിവങ്കരിക്ക് നന്നായി വഴങ്ങും. വായ്‌പ്പാട്ടും പരിശീലിക്കുന്നുണ്ട്. ഇൗ ആത്മധൈര്യത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ തീം സോങിന് സംഗീതം പകരാനുള്ള ചുമതല ഇൗ ഒമ്പതാം ക്ലാസുകാരി ഏറ്റെടുത്തത്. ഒരു ദിവസം മാത്രമായിരുന്നു പാട്ട് ചിട്ടപ്പെടുത്താനും ആലപിക്കാനും സമയം ലഭിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കോവിഡ് കാലത്ത് കൈറ്റിന്റെ ഓൺലൈൻ ക്ലാസിന്റെ പ്രമോ പാടിയത് ശിവങ്കരി പി തങ്കച്ചിയാണ്. ഫിലിം മേക്കറും ഇവന്റ് മാനേജറും ഡബ്ബിംഗ് ആർടിസ്‌റ്റുമായ പത്‌മേന്ദ്ര പ്രസാദിന്റെയും ശ്രേഷ്‌ഠ ആഫ്‌റ്റർ സ്‌കൂൾ കെയർ നടത്തുന്ന ഉമയുടെയും മകളാണ് ശിവങ്കരി.
ശവിങ്കരി ഇൗ പാട്ടിന് സംഗീതം നൽകുന്ന വീഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഇങ്ങനെയാണ് നമ്മുടെ കുഞ്ഞുങ്ങൾ സ്‌കൂൾ ഒളിന്പിക്‌സ് തീം സോങ് ഉണ്ടാക്കിയത്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. എന്ത് സുന്ദരമായാണ് നമ്മുടെ കുട്ടികൾ ഒരു പാട്ടിന് ജന്മമേകുന്നത്.










0 comments