അവ്യക്ത് എഴുതും അതിജീവന പാഠം

മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാം ക്ലാസിൽ പ്രവേശനത്തിനൊരുങ്ങുന്ന അവ്യക്തിന് അമ്മ രമ്യ ബാഗ് ഒരുക്കി നൽകുന്നു ഫോട്ടോ: ശരത് കൽപ്പാത്തി
ടി എസ് അഖിൽ
Published on Jun 02, 2025, 07:05 AM | 1 min read
പാലക്കാട്
: മുണ്ടക്കൈയിൽ ഉരുളൊലിച്ചെത്തിയ മരണത്തെ തോൽപ്പിച്ച അവ്യക്ത് തിങ്കളാഴ്‌ച പാലക്കാട് മുണ്ടൂർ എച്ച്എസ്എസിൽ അഞ്ചാം ക്ലാസിന്റെ പടികയറും. കൂടെ കൈപിടിച്ച് നടക്കാൻ അനിയത്തി ആരാധ്യയില്ല. കഴിഞ്ഞവർഷങ്ങളിലെല്ലാം ജീപ്പിൽ വെള്ളാർമല സ്കൂളിൽ കൊണ്ടുപോയിരുന്ന അച്ഛനുമില്ല. 2024 ജൂൺ മൂന്നിന് അച്ഛൻ മഹേഷിന്റെ ജീപ്പിൽ അമ്മ രമ്യക്കും അനിയത്തി ആരാധ്യക്കുമൊപ്പമാണ് അവ്യക്ത് വെള്ളാർമല സ്കൂളിൽ നാലാംക്ലാസിലേക്കുപോയത്.
ജൂലൈയിൽ മല പൊട്ടിയെത്തിയ ഉരുൾ അച്ഛനും അനിയത്തിയുമടക്കം കുടുംബത്തിലെ നാലുപേരെ കൊണ്ടുപോയി.
ബാക്കിയായത് അമ്മയും അവ്യക്തും മാത്രം. മഹേഷിന്റെ അച്ഛന്‍ വാസുവും അമ്മ ഓമനയും ഉരുള്‍പൊട്ടലില്‍ മരിച്ചിരുന്നു. കരാട്ടെ പരീശീലകനായിരുന്ന മഹേഷ് ചൂരല്‍മല സ്വദേശിയാണ്. അങ്ങനെയാണ് കുടുംബം അവിടെ താമസമായത്.
ഉരുളെടുത്തവരുടെ പട്ടികയിലായിരുന്നു അവ്യക്തും. എന്നാൽ ദേശാഭിമാനി ഫോട്ടോഗ്രഫർ എം എ ശിവപ്രസാദ് പകർത്തിയ ചിത്രമാണ് അവ്യക്തിനെ അമ്മയുടെ അരികിലെത്തിച്ചത്. അപകടശേഷം വാടകവീട്ടിലിരുന്നായിരുന്നു തുടർപഠനം. വെള്ളാർമലയിലെ അധ്യാപകർ കൂടെനിന്നു. മുണ്ടൂർ കയറംകോടത്തെ അമ്മയുടെ വീട്ടിലേക്ക് വരുമ്പോൾ ബാഗും കുടയും നൽകിയാണ് വിട്ടത്. മാർച്ചിൽ മുണ്ടക്കൈ ടൗൺഷിപ്പിന് കല്ലിടാനെത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും അവ്യക്തിനെ ആശ്വസിപ്പിക്കാനെത്തി.
ആരാധ്യയായിരുന്നു എല്ലാത്തിനും മുന്നിൽ.
അവളാണ് അവ്യക്തിന്റെ കൈപിടിച്ച് സ്കൂളിലേക്ക് പോകുക. ഈ വര്‍ഷം ആരാധ്യ മൂന്നാം ക്ലാസില്‍ ചേരേണ്ടതായിരുന്നു. അവളുടെ വേർപാടാണ് മകനെ കൂടുതൽ ബാധിച്ചത്. അവ്യക്ത് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. അതുകൊണ്ട് ആ ഭീകരചിത്രം അവന്റെ ഓർമയിലില്ല. പക്ഷേ, ഇടയ്ക്കിടയ്ക്ക് ആരാധ്യയെ അന്വേഷിക്കും. തനിച്ചായതിന്റെ സങ്കടം മറികടക്കാനാണ് പാലക്കാട്ടേക്ക് മാറിയത്. മകന്റെ പുതിയ ബാഗിലേക്ക് പുസ്‌തകങ്ങൾ എടുത്തുവയ്‌ക്കുമ്പോൾ ചുവരിലെ ആരാധ്യയുടെ ചിത്രത്തിലായിരുന്നു രമ്യയുടെ നിറ കണ്ണുകൾ.









0 comments