ബോച്ചേയും ഇൻക്ലൂസീവ് സ്‌പോർട്‌സിൽ ഉൾപ്പെടുത്തി
സ്‌കൂൾ ഒളിമ്പിക്‌സ്: ഭിന്നശേഷി കുട്ടികൾ ക്രിക്കറ്റ് ബാറ്റേന്തും

പ്രതീകാത്മക ചിത്രം
റഷീദ് ആനപ്പുറം
Published on Sep 29, 2025, 02:31 PM | 2 min read
തിരുവനന്തപുരം : സ്‌കൂൾ ഒളിമ്പിക്‌സിൽ ഭിന്നശേഷി കുട്ടികൾ ഇനി ക്രിക്കറ്റ് കളിക്കും. ഇൻക്ലൂസിവ് സ്‌പോർട്‌സ് മാനുവലിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതോടെയാണിത്. രണ്ട് കാറ്റഗറിയിലായി ആൺകുട്ടികളുടെ ജില്ലാ ടീമുകളാകും മത്സരിക്കുക. ആയാസരഹിതമായും സംഘം ചേർന്നും കളിക്കാവുന്ന ‘ബോച്ചേ’ ഗെയിംസും പുതിയ മാന്വലിൽ സ്ഥാനം പിടിച്ചു. പെൺകുട്ടികൾക്കാണ് ഇൗ ഗെയിം. ഇതോടെ സ്‌കൂൾ ഒളിമ്പിക്‌സിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഗെയിമുകൾ അഞ്ചായി. ഫുട്‌ബോൾ, ഹാൻഡ്ബോൾ, ഷിട്ടിൽ ബാറ്റ്‌മിന്റൺ എന്നിവയാണ് മറ്റ് ഇനങ്ങൾ. അത്‌ലറ്റിക്‌സും ഉണ്ട്. കഴിഞ്ഞ വർഷം മുതലാണ് ലോകത്തിന് മാതൃകയായി സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഭാഗമായി ഇൻക്ലൂസീവ് സ്‌പോർട്‌സും ഉൾപ്പെടുത്തിയത്.
ഭിന്നശേഷി കുട്ടികളുടെ സമഗ്ര വികാസത്തിൽ സുപ്രധാനമാണ് ഉൾചേർക്കൽ (ഇൻക്ലൂസിവ്) വിദ്യാഭ്യാസം. സംസ്ഥാനത്ത് നിലവിൽ പൊതു വിദ്യാലയങ്ങളിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നുണ്ട്. അതിന്റെ തുടർച്ചയായാണ് സ്‌കൂൾ കായിക മേളയുടെ ഭാഗമായി തന്നെ ഇൻക്ലൂസിവ് സ്‌പോർട്‌സും ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം 14 ജില്ലകളെ പ്രതിനിധീകരിച്ച് 1600 ഭിന്നശേഷി കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഒക്‌ടോബർ 22 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സ്‌കൂൾ ഒളിമ്പിക്‌സിന്റെ ഭാഗമായി ഇൻക്ലൂസീവ് സ്‌പോർട്‌സ് നടക്കും. പുതിയ ഇനങ്ങൾ കൂടി വന്നതോടെ 2000 ത്തോളം ഭിന്നശേഷി കുട്ടികൾ ഇൗ തവണ മത്സരിക്കുമെന്നാണ് കരുതുന്നത്.
ഭിന്നശേഷി കുട്ടികളെ സംബന്ധിച്ച് അവരുടെ ശാരീരികവും മാനസികവും സാമൂഹികവും കായികവും ആയ ശേഷികളെ ഉയർത്തി കൊണ്ടുവരാൻ ക്രിക്കറ്റിനാകും. അതിനാലാണ് ഇൗ കായിക ഇനംകൂടി ഉൾപ്പെടുത്തിയത്. എല്ലാ ജില്ലകളിലും 15 കുട്ടികൾ ഉൾപ്പെട്ട ടീം രൂപീകരിക്കാൻ നിർദേശം നൽകി. 11 കുട്ടികളാകും മത്സരിക്കുക. അതിൽ പത്ത് കുട്ടികൾ ഭിന്നശേഷി കുട്ടികളായിരിക്കണം. പത്ത് ഓവറാകും കളി. 14 വയസ്സിന് താഴെയുള്ളവർ ജൂനിയർ കാറ്റഗറിയിലും അതിന് മുകളിൽ പ്രായമുള്ളവർ സീനിയർ കാറ്റഗറിയിലും മത്സരിക്കും. ടെന്നീസ് ബോളാകും ഉപയോഗിക്കുക. കാലുകൾക്ക് സ്വാധീന കുറവുള്ളവർക്ക് പകരം സ്‌റ്റാന്റ് ബൈ റണ്ണറുടെ സഹായം അനുവദിക്കും. ടീമിലെ ജനറൽ കുട്ടിക്ക് വിക്കറ്റ് കീപ്പർ ആയി മാത്രമേ കളിക്കാൻ അനുവദിക്കു. ഏഴാമത്തെ ഓവറിന് ശേഷമോ ഒമ്പതാമത്തെ ബാറ്റ്‌സ്‌മാനായോ മാത്രമേ ജനറൽ കുട്ടിക്ക് കളിക്കാനാവു.
ജിഎച്ച്എസ്എസ് കാരപ്പറമ്പിലെ കുട്ടികൾ ബോച്ചീ കളിക്കുന്നു
ലോകത്തെ ഏറ്റവും പ്രാചീനമായ കളിയാണ് ബോച്ചീ (Bocce) . ഒരു കൈയുപയോഗിച്ച് പന്ത് തട്ടാവുന്ന ഭിന്നശേഷി കുട്ടിക്ക് മത്സരത്തിൽ പങ്കെടുക്കാം. ഇതിനായി കളിനിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാണ് മാനുവൽ തയ്യാറാക്കിയത്. അതിനാൽ ശാരീരിക–മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കാഴ്‌ച/ കേൾവി പരിമിതർ എന്നിവർക്ക് പൊതു വിഭാഗം കുട്ടികൾക്ക് ഒപ്പവും മാറിയും മത്സരിക്കാം. ഇതിനായി ഭിന്നശേഷി സൗഹൃദ കോർട്ട് തയ്യാറാക്കും.









0 comments