സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എൻഒസി റദ്ദാക്കും
ഒന്നാം ക്ലാസിൽ പരീക്ഷ ഒഴിവാക്കുന്നത് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി

അക്കാദമിക് ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കി. അടുത്ത അക്കാദമിക് വർഷം ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിൽ കൂടി മിനിമം മാർക്ക് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ പരീക്ഷ ഒഴിവാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. പല രാജ്യങ്ങളിലും പരീക്ഷ ഇല്ല. കഴിവിനെ വിലയിരുത്തുന്ന ചില സംവിധാനങ്ങൾ ഒരുക്കും. കേരളത്തിൽ അതിന്റെ തുടക്കം എന്ന നിലയിലാണ് ഇത് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ദേശാഭിമാനി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ഫോക്കസ് 2025 കരിയർ മേള’ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ചില സ്‌കൂളുകൾ ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നതായുള്ള പരാതികളുണ്ട്. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എൻഒസി നൽകുന്നത് പൊതുവിദ്യാഭ്യാസ വകുപ്പാണ്. സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എൻഒസി റദ്ദാക്കും. അക്കാദമിക് ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കി. അടുത്ത അക്കാദമിക് വർഷം ആറ്, ഏഴ്, ഒമ്പത് ക്ലാസുകളിൽ കൂടി മിനിമം മാർക്ക് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ അധ്യയന വർഷം ആദ്യ രണ്ടാഴ്‌ച പൂർണമായും പാഠപുസ്‌തക പഠനമായിരിക്കില്ല. കഴിഞ്ഞ വർഷം പഠിച്ചതിന്റെ റിവിഷൻ നടത്തും. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിൽ ദിവസം ഒരു മണിക്കൂർ വീതം ക്ലാസും നൽകും. മൊബൈൽ ഫോൺ അനാവശ്യമായി ഉപയോഗിക്കാൻ പാടില്ല. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ –- സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും തുല്യ അവസരം ലഭിക്കണം. എന്നാൽ എൻട്രൻസ് പരിശീലന കേന്ദ്രങ്ങളിൽ ആ അവസരം ലഭിക്കുന്നില്ല. 99 ശതമാനം മാർക്ക് നേടുന്നവർക്കാണ് അവിടെ പ്രവേശനം. മര്യാദയുള്ള ഫീസ് വാങ്ങാൻ എൻട്രൻസ് കോച്ചിങ് സെന്ററുകൾ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.









0 comments