അക്കാദമിക് മാസ്റ്റർപ്ലാൻ പറയുന്നു; ഭാഷാ പഠനം കിടുവാകും


സ്വന്തം ലേഖകൻ
Published on Jun 30, 2025, 06:10 PM | 1 min read
എല്ലാ കുട്ടികളും അർഥപൂർണമായി വായിക്കുകയും എഴുതുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുക, കുട്ടികളിൽ ഓരോ പ്രായത്തിനും അനുയോജ്യമാംവിധം മികച്ച നിലയിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ശേഷി നേടി എന്നുറപ്പാക്കുക, കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നിർദേശം അടങ്ങിയതാണ് അക്കാദമിക് മാസ്റ്റർപ്ലാൻ.
തിരുവനന്തപുരം : മാതൃഭാഷാശേഷി കുട്ടികളിൽ ഉറപ്പിക്കുന്നതിനായി ഭാഷാ വികാസ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം അക്കാദമിക് മാസ്റ്റർപ്ലാൻ മാർഗരേഖയിൽ ഇതിനുള്ള നിർദേശം ഉൾപ്പെടുത്തി. എല്ലാ കുട്ടികളും അർഥപൂർണമായി വായിക്കുകയും എഴുതുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുക, കുട്ടികളിൽ ഓരോ പ്രായത്തിനും അനുയോജ്യമാംവിധം മികച്ച നിലയിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ശേഷി നേടി എന്നുറപ്പാക്കുക, കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നിർദേശം അടങ്ങിയതാണ് അക്കാദമിക് മാസ്റ്റർപ്ലാൻ.
വായനശേഷി വർധിപ്പിക്കാനായി പത്രവായന, ലൈബ്രറി പുസ്‌തങ്ങളുടെ വായന, ആനുകാലികങ്ങളുടെ വായന, പത്രകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. ആശയ വിനിമയ ശേഷി വർധിപ്പിക്കാൻ പ്രമുഖരുമായുള്ള സംവാദം, പ്രസംഗ മത്സരങ്ങൾ, ഉപന്യാസ രചനാ മത്സരങ്ങൾ, കുട്ടികളുടെ ആകാശവാണി, കാവ്യാലാപനം തുടങ്ങിയ പരിപാടികൾ നടത്തണം. സർഗാത്മ പരിപാടികൾ നടത്തി സാഹിത്യ അഭിരുചി വളർത്തണം. കുട്ടികളുടെ സൃഷ്‌ടികൾ ഉൾപ്പെടുത്തിയുള്ള പതിപ്പുകൾ, നാടക പ്രവർത്തനങ്ങൾ, പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്‌കാരം, കുട്ടികളുടെ രംഗവേദികൾ തുടങ്ങിയവ ഇതിനായി സംഘടിപ്പിക്കാം.
ഭാഷാ ശേഷി വളർത്തുന്നതിന് ആധുനീക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. ഇതിനായി മുഴവൻ കുട്ടികളെയും മലയാളം കംമ്പ്യൂട്ടിംഗ് പഠിപ്പിക്കണം. ആധുനീക സംവിധാനം ഉപയോഗിച്ച് പോസ്‌റ്ററുകൾ തയ്യാറാക്കണം.
സമാനമായ രീതിയിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പഠനവും കാര്യക്ഷമമാക്കാൻ നിർദേശമുണ്ട്. ആത്മവിശ്വാസത്തോടെ ഈ ഭാഷകളിൽ ആശയ വിനിമയം നടത്തുന്നതിന് അവസരം ഒരുക്കണം.









0 comments