ഉണ്ണിത്താന്റെ ശകാരം പ്രചരിപ്പിച്ചു: കോൺഗ്രസ് നേതാവിനെ പുറത്താക്കി

കാസർകോട്: രാജ്‌മോഹൻ ഉണ്ണിത്താനോട് സ്‌കൂൾ ബസിനായി എംപി ഫണ്ട് ചോദിച്ചത് ഫോണിലൂടെ അന്വേഷിച്ച മണ്ഡലം ജനറൽ സെക്രട്ടറിയെ കോൺഗ്രസ് പുറത്താക്കി. ഉദുമ ബ്ലോക്ക് ജനറൽ സെക്രട്ടറിയും തെക്കിൽപറമ്പ ജിയുപി സ്‌കൂൾ പിടിഎ പ്രസിഡന്റുമായ പി സി നസീറിനെയാണ് പാർടി അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.
സമൂഹമാധ്യമത്തിൽ എംപിയെ അപകീർത്തിപ്പെടുത്തുംവിധം ഫോൺ സംഭാഷണം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നസീറിനെ ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പുറത്താക്കിയത്.
തെക്കിൽപറമ്പ സ്‌കൂളിന് ബസ് വാങ്ങാൻ എംപി ഫണ്ടിൽനിന്ന് തുകയ്‌ക്കായി രണ്ടുതവണ നിവേദനം നൽകിയിട്ടും കിട്ടാതായപ്പോഴാണ് നസീർ ഫോണിൽ ഉണ്ണിത്താനെ വിളിച്ചത്. "നിങ്ങൾക്ക് ബസ് വേണമെങ്കിൽ, കോവിഡ് മഹാമാരി വരാൻ പ്രാർഥിക്ക്' എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.
എംപിയുടെ ധാർഷ്ട്യം തുറന്നുകാട്ടാനാണ് ശബ്ദസന്ദേശം പുറത്തുവിട്ടതെന്നും വിഷയം പരിശോധിക്കുന്നതിനുപകരം, ഉണ്ണിത്താനെ ഭയന്ന് നടപടി സ്വീകരിച്ചത് അംഗീകരിക്കില്ലെന്നും ഉണ്ണിത്താൻ വിരുദ്ധ വിഭാഗക്കാർപറയുന്നു.









0 comments