സ്കൂളിലെ സ്ഫോടനം: റിപ്പോർട്ട് ലഭിച്ചാൽ എൻഒസി റദ്ദാക്കും- വിദ്യാഭ്യാസമന്ത്രി

പാലക്കാട്: ആർഎസ്‌എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം മാനേജ്‌മെന്റിന്റെ വടക്കന്തറ സ്‌കൂളിൽ ബോംബ് പൊട്ടി രണ്ട് പേർക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ പ്രവർത്തിക്കുന്നത് കേന്ദ്ര സിലബസ് പ്രകാരമാണ്. റിപ്പോർട്ട് ലഭിച്ചാൽ സ്‌കൂളിന്റെ എൻഒസി റദ്ദാക്കും. അന്വേഷണത്തിൽ പൊലീസിന് താൽപര്യകുറവുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി ശിവൻകുട്ടി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂളിൽനിന്ന് കണ്ടെത്തിയത് അതിമാരക പ്രഹരശേഷിയുള്ള സ്ഫോടക വസ്തുവെന്ന് പൊലീസ് പറഞ്ഞിരുന്നു. ശക്തമായ സ്‌ഫോടനം നടത്താൻ ശേഷിയുള്ള വസ്‌തുക്കളാണ് ഇവയിൽ നിറച്ചതെന്നും വ്യക്തമായി. സ്കൂളിൽനിന്ന് കണ്ടെത്തിയത് നാടൻബോംബ് രൂപത്തിലുള്ള അഞ്ചെണ്ണമാണ്. അവയിൽ ഒന്ന് കുട്ടി നിലത്തെറിഞ്ഞപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടക വസ്തുക്കൾ എങ്ങനെ സ്കൂളിൽ എത്തി എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും നിരവധി പേരുടെ മൊഴിയെടുത്തതായും നോർത്ത് പൊലീസ് പറഞ്ഞു. വരുംദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം.









0 comments