പിഎസ്‌സി മുഖേന 18,882 നിയമനം
സർക്കാർ, എയ്ഡഡ് സ്‌കൂൾ ; 4 വർഷം 43,637 നിയമനം

തിരുവനന്തപുരം
കഴിഞ്ഞ നാലു വർഷത്തിനിടെ സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ നടന്നത് 43,637 നിയമനം. ആകെ 24,755 നിയമനങ്ങൾ എയ്‌ഡഡ് സ്‌കൂളുകളിൽ നടന്നു. ഹൈസ്‌കൂൾ – 5,931, യുപി – 7,824, എൽപി – 8,555, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ 573, അനധ്യാപക ജീവനക്കാർ 1,872 എന്നിങ്ങനെയാണ് കണക്ക്.
പിഎസ്‌സി മുഖേന 18,882 നിയമനങ്ങൾ നടന്നു. എൽപി – 5,620, യുപി – 4,378, എച്ച്എസ് – 3,859, എച്ച്എസ്എസ് - 1,716, സ്‌പെഷ്യലിസ്റ്റ് അധ്യാപകർ 547, വിഎച്ച്എസ്‌സി 150, -അനധ്യാപകർ 2,612 എന്നിങ്ങനെയാണിത്.
ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകളനുസരിച്ച് എയിഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക- അനധ്യാപക നിയമനാംഗീകാരം എന്നിവയിൽ സർക്കാർ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് 1200 ലധികം ഭിന്നശേഷി നിയമനങ്ങൾ സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിൽ നടന്നു. ഭിന്നശേഷി നിയമനം ഉറപ്പാക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ചെയർമാനായ സംസ്ഥാന സമിതിയും മൂന്നംഗ ജില്ലാ സമിതികളുമാണ് രൂപീകരിച്ചത്.
സ്ഥലംമാറ്റ നടപടി പൂർത്തിയായി ; മുഴുവൻ അധ്യാപകരും ഹാജർ
അധ്യയനവർഷം ആരംഭിക്കുംമുമ്പുതന്നെ പൊതു സ്ഥലംമാറ്റ നടപടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്ന് മുതൽ 10വരെയുള്ള 4668 അധ്യാപകരുടെ സ്ഥലംമാറ്റം പൂർത്തിയായി. ഹയർ സെക്കൻഡറിയിലെ സ്ഥലംമാറ്റ നടപടിയും പൂർത്തിയായി. ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ നിയമനവും പൂർത്തിയായി.
വിദ്യാഭ്യാസ ഉപഡയറക്ടർ തസ്തികയിലെ ഒഴിവും നികത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികയിലെ 13 ഒഴിവ് നികത്താൻ സെലക്‌ട് ലിസ്റ്റിനുള്ള പ്രൊമോഷൻ കമ്മിറ്റി ചേർന്നു. ഒഴിവുള്ളിടത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് അധിക ചുമതല നൽകി.
14 ഡയറ്റുകളിലേക്കും പ്രിൻസിപ്പൽമാരെ നിയോഗിക്കാൻ വകുപ്പ് തല പ്രൊമോഷൻ കമ്മിറ്റിചേരും. ചരിത്രത്തിൽ ആദ്യമായാണിത്. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അക്കൗണ്ട്‌സ് ഓഫീസർ, എപിഎഫ്ഒ ഒഴിവുകളിലേക്കുള്ള സ്ഥാനക്കയറ്റ നടപടി പൂർത്തിയാക്കി. സീനിയർ സൂപ്രണ്ടിന്റെ 44 ഒഴിവിലേക്കും നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.









0 comments