1500 രൂപ സ്കോളർഷിപ്പും പ്രശസ്തിപത്രവും
വിദ്യാർഥി ഹരിതസേന സ്കോളർഷിപ് പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്ന പദ്ധതിക്ക് അംഗീകാരം. തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് 1500 രൂപ സ്കോളർഷിപ്പും പ്രശസ്തിപത്രവും നൽകും. യുപി വിഭാഗത്തിൽ 6, 7 ക്ലാസുകളിലെയും ഹൈസ്കൂൾ വിഭാഗത്തിൽ 8, 9 ക്ലാസുകളിലെയും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാംവർഷ വിദ്യാർഥികൾക്കുമാണ് സ്കോളർഷിപ്. ‘വിദ്യാർഥി ഹരിതസേന സ്കോളർഷിപ്- ഇക്കോ സെൻസ്' എന്ന പേരിലുള്ള വാർഷിക സ്കോളർഷിപ് പദ്ധതി തദ്ദേശസ്ഥാപനങ്ങളും തദ്ദേശവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ എന്നിവ ചേർന്നാണ് നടപ്പാക്കുന്നത്. മാലിന്യപരിപാലനത്തിൽ നൂതന ചിന്തയും താൽപ്പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തുകളിൽ 50 വിദ്യാർഥികൾക്കും മുനിസിപ്പാലിറ്റികളിൽ 75ഉം കോർപറേഷനുകളിൽ 100 വിദ്യാർഥികൾക്കുമാണ് അർഹത. നവംബർ 14-ന് വിദ്യാലയത്തിൽ ചേരുന്ന കുട്ടികളുടെ ഹരിതസഭയിൽ സ്കോളർഷിപ് ലഭിച്ച വിദ്യാർഥികളുടെ ലിസ്റ്റ് പ്രഖ്യാപിക്കും.
അർഹരായ വിദ്യാർഥികളുടെ മാതൃകാപരമായ പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവയ്‌ക്കുന്നതിനായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ‘ശുചിത്വ പഠനോത്സവം' സംഘടിപ്പിക്കും. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്‌ക്കുന്ന വിദ്യാലയങ്ങൾക്ക് പുരസ്കാരവും നൽകും.
‘പാഴ്‌വസ്തു പരിപാലനം ഹരിത സാങ്കേതികവിദ്യയിലൂടെ' എന്ന മേഖലയിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി അഞ്ചുമുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ആശയങ്ങൾ ഉൾക്കൊണ്ടാണ് സ്കോളർഷിപ് വിഭാവനം ചെയ്തത്.









0 comments