എസ്‍സിഇആർടി ഹയർസെൻഡറി പാഠപുസ്തകങ്ങൾ സമഗ്രമായി പരിഷ്കരിക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെൻഡറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യഘട്ടത്തിൽ എസ്‍സിഇആർടിയുടെ എൺപത് ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് നിലവിൽ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടുത്തിടെ പരിഷ്കരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഹയർസെൻഡറി പാഠ്യപദ്ധതി പരിഷ്കരണം.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ലോകത്താകമാനം വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളും ഭാവിയിലെ വെല്ലുവിളികളും പരിഗണിച്ചാകും പാഠപുസ്കങ്ങൾ പരിഷകരിക്കുക. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. നാല് വർഷ ബിരുദ കോഴ്സുകൾക്കും അനുയോജ്യമായ തരത്തിലാകും പാഠ്യ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുക.
നിലവിൽ സംസ്ഥാനത്തെ ഹയർസെൻഡറി സ്കൂളുകളിൽ എൻസിഇആർടി, എസ്‍സിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിച്ചാണ് അധ്യയനം നടത്തുന്നത്. ഇതിൽ എസ്‍സിഇആർടി പുറത്തിറക്കുന്ന പുസ്തകങ്ങൾ മാത്രമാണ് പുതുക്കുന്നത്. ഈ അധ്യയന വർഷം തന്നെ പാഠ്യ പദ്ധതി പരിഷ്കരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. അടുത്ത വർഷം കുട്ടികളുടെ കയ്യിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരുമെന്നും മന്ത്രി അറിയിച്ചു.









0 comments