ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവിന് ജാമ്യം

തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിന് ജാമ്യം. കൊല്ലം സെഷൻ കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ കേസിൽ അറസ്റ്റിലായ സതീഷിനെ നടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് സതീഷ് പിടിയിലായത്. സതീഷിനെതിരെ ക്രൈം ബ്രാഞ്ച് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതുല്യയുടെ മരണത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട സതീഷ് നാട്ടിലെത്തിയ ഉടനെ കസ്റ്റഡിയിലാവുകയായിരുന്നു.
എല്ലാ വിമാനത്താവളത്തിലേക്കും സതീഷ് എത്തിയാൽ പൊലീസിനെ അറിയിക്കണമെന്ന് നേരത്തെ കത്ത് നൽകിയിരുന്നു. ഇതുപ്രകാരം ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. തുടർന്ന് വലിയതുറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ മരണശേഷം ഭർത്താവ് സതീഷ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സതീഷ് ശങ്കറിന്റെ ശാരീരികവും മാനസികവുമായ ക്രൂരപീഡനം മൂലമാണ് അതുല്യ മരിച്ചതെന്ന് അച്ഛൻ എസ് രാജശേഖരൻപിള്ളയും അമ്മ തുളസീഭായിയും പറഞ്ഞു.
അതുല്യയുടെ അച്ഛൻ ചവറ തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയിലാണ് സതീഷ് ശങ്കറിനെതിരെ കേസെടുത്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നിവയ്‌ക്കെതിരായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനിയറാണ് സതീഷ് ശങ്കർ. സംഭവത്തിൽ ഷാർജയിലെ അൽ ഖർബ് പൊലീസും കേസെടുത്തിട്ടുണ്ട്.









0 comments