print edition കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്‌കരണം വേണം ; നെഹ്‌റു കുടുംബത്തെ തുറന്നെതിർത്ത് ശശി തരൂർ

തിരുവനന്തപുരം
നെഹ്‌റു കുടുംബത്തെ നേരിട്ട് ആക്രമിച്ച് കോൺഗ്രസ് പ്രവർത്തക സമിതിഅംഗവും മുതിർന്ന നേതാവുമായ ശശി തരൂർ എംപി. മംഗളം ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് നെഹ്‌റു മുതൽ പ്രിയങ്ക ഗാന്ധിവരെയുള്ളവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ‘സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ഇഴചേർന്നിരിക്കുന്നതാണ്. എന്നാൽ, രാഷ്‌ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാർടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു’ എന്നാണ് ലേഖനം ആരംഭിക്കുന്നത്.
പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല. ഇത് ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്‌ക്കും. സ്ഥാനാർഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവർ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലർത്തുന്നവർക്ക് പ്രകടനം മോശമായാൽ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്‌കരണംകൂടി വേണം– തരൂർ ആവശ്യപ്പെടുന്നു.
ബിജെപി തുടർച്ചയായി കോൺഗ്രസിലെ കുടുംബവാഴ്‌ച ആയുധമാക്കുമ്പോഴാണ്, അതേ അഭിപ്രായത്തെ ലേഖനത്തിലൂടെ തരൂർ സാധൂകരിക്കുന്നത്. മോദിയെ അനുകൂലിച്ചും കോൺഗ്രസിലെ കുടുംബവാഴ്‌ചയെ എതിർത്തും മുമ്പും തരൂർ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ ക്രൂരത വിവരിച്ചും വിമർശിച്ചും തരൂർ എഴുതിയ ലേഖനം കോൺഗ്രസിനെ ഉലച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിലുൾപ്പെടെ മോദിയെയും കേന്ദ്രസർക്കാരിനെയും പുകഴ്‌ത്തിയ തരൂരിന്റെ നിലപാട് കോൺഗ്രസിനുള്ളിൽ തന്നെ ആശയക്കുഴപ്പം സൃഷ്‌ടിച്ചു. ഓപ്പറേഷൻ സിന്ദൂർ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തിൽ തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തുകയും ചെയ്തു. മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർഥിയാക്കിയപ്പോൾ, സ്വയം സ്ഥാനാർഥിയായും തരൂർ കോൺഗ്രസിനെ ഞെട്ടിച്ചു.









0 comments