പാമ്പ്‌ പിടിക്കാൻ 
ടൊവിനോ എത്തുമോ?

TOVINO SARPA
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Mar 24, 2025, 12:01 AM | 1 min read

പത്തനംതിട്ട: വീട്ടിലും പരിസരത്തും കണ്ടെത്തുന്ന വിഷപാമ്പുകളെ പിടികൂടാൻ നടൻ ടൊവിനോ തോമസ്‌ എത്തിയാലോ.. അതിശയിക്കണ്ട, പാമ്പുപിടിക്കുന്നതിനുള്ള പരീക്ഷ പാസായി സർട്ടിഫിക്കറ്റിനുവേണ്ടി കാത്തിരിക്കുകയാണ്‌ താരം. വനംവകുപ്പിന്റെ ‘സർപ്പ’ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ്‌ അംബാസഡറാണ്‌ ടൊവിനോ.


തൃശൂരിൽ വനംവകുപ്പിന്റെ സെൻട്രൽ സർക്കിൾ ഓഫീസിലെത്തി പരിശീലനം പൂർത്തീകരിച്ചശേഷമാണ്‌ അംബാസഡർ പദവി അദ്ദേഹം ഏറ്റെടുത്തതെന്ന്‌ സർപ്പ ആപ്‌ സംസ്ഥാന നോഡൽ ഓഫീസർ മുഹമ്മദ്‌ അൻവർ പറഞ്ഞു. മൂർഖൻപാമ്പിനെ പിടികൂടി സഞ്ചിയിലാക്കിയാണ്‌ ടെസ്‌റ്റ്‌ പാസായത്‌. പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ്‌ ഏപ്രിലിൽ ടൊവിനോയ്‌ക്ക്‌ കൈമാറും. പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്‌ക്കാൻ വനംവകുപ്പിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ താൽപര്യം പ്രകടിപ്പിച്ച ടൊവിനോ സർപ്പ ആപ്പിന്റെ അംബാസഡർ പദവി സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ആസൂത്രണംചെയ്യുന്ന പ്രത്യേക പദ്ധതിയുടെ അംബാസഡർ പദവിയും അദ്ദേഹം ഏറ്റെടുത്തേക്കും.





പദ്ധതിയിലേക്ക്‌ സംസ്ഥാനത്താകെ 5000 പേരെയാണ്‌ വനംവകുപ്പ്‌ തെരഞ്ഞെടുത്തിരുന്നത്‌. ഇതിൽ 3035 പേർ പരിശീലനം പൂർത്തിയാക്കി. ഇവരെ വളന്റിയർമാരായി നിയോഗിച്ചു. മലപ്പുറത്താണ്‌ കൂടുതൽപേർ പരിശീലനം പൂർത്തിയാക്കിയത്‌. ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ വനമേഖല കൂടുതലായതിനാൽ ആർആർടികളുടെ നേതൃത്വത്തിലാണ്‌ വളന്റിയേഴ്‌സ്‌ പ്രവർത്തിക്കുക. കുടുംബശ്രീ, തൊഴിലുറപ്പ്‌ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പരിശീനലം നൽകി പാമ്പുകടിമരണം ഇല്ലാതാക്കിയെടുക്കുക എന്നതാണ്‌ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌. വനം വകുപ്പിലെ സാമൂഹ്യ വനവൽകരണ വിഭാഗമാണ്‌ ജില്ലകളിൽ സർപ്പ വളന്റിയർമാർക്ക്‌ പരിശീലനം നൽകുന്നത്‌. നാല്‌ വർഷങ്ങൾക്കിടെ കേരളത്തിൽ പാമ്പ് കടിയേറ്റുള്ള മരണനിരക്ക് നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. "സർപ്പ’ മൊബൈൽ ആപ്ലിക്കേഷന്റെ രൂപീകരണം ഈ ലക്ഷ്യംനേടുന്നതിന്‌ പ്രധാന പങ്കാണ്‌ വഹിക്കുന്നത്‌. കഴിഞ്ഞവർഷം മാത്രം 16,453 പാമ്പുകളെ പിടികൂടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home