കാലാവസ്ഥ കനിഞ്ഞു ; നീയങ്ങ് വലുതായല്ലോ മത്തീ

sardine fish
avatar
പി ആർ ദീപ്തി

Published on Jul 07, 2025, 03:27 AM | 2 min read


കൊല്ലം

കാലാവസ്ഥ കനിഞ്ഞു, കുഞ്ഞൻ മത്തി വളർന്നു. മഴയ്‌ക്കുശേഷം കടൽ പോഷക സമൃദ്ധമായതോടെ കുഞ്ഞനെന്ന പേരുദോഷവുമകന്നു. നല്ല വളർച്ചയെത്തിയ, വലുപ്പംവച്ച, പരിഞ്ഞിലുള്ള മത്തിയാണ് ഇപ്പോൾ മീൻപിടിത്തക്കാർക്ക്‌ ലഭിക്കുന്നത്.


ഒക്ടോബർ ആദ്യംമുതൽ മാർച്ചുവരെ കേരളതീരത്ത് ലഭിച്ചിരുന്നത് കുഞ്ഞൻ മത്തിയായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മൺസൂൺ അടക്കമുള്ള മഴ നന്നായി ലഭിച്ചതിനാൽ അടിത്തട്ടിൽ സസ്യ, ജന്തു പ്ലവകങ്ങളുടെ ഉൽപ്പാദനം ഏറി. സമുദ്ര ഊഷ്മാവിലും കുറവുണ്ടായി. സസ്യ പ്ലവകങ്ങളെ മാത്രം ആഹാരമാക്കുന്ന മത്തിക്ക്‌ അനുകൂല സാഹചര്യം ഒത്തുവന്നതാണ് വളർച്ചയ്ക്ക് കാരണമെന്ന് ശാസ്ത്ര സമൂഹം പറയുന്നു.


ഒരുവർഷംകൊണ്ട്‌ 19.3 സെന്റിമീറ്ററും 15 മാസം കൊണ്ട് 20.7 സെന്റിമീറ്ററും വരെയാണ് മത്തി വളരുക. 11, 12 സെന്റീമീറ്ററിന് ഇടയിൽ വലുപ്പമുള്ളവയാണ്‌ ഒക്ടോബർമുതൽ ലഭിച്ചത്. മൺസൂൺ മഴ സാധാരണ രീതിയിൽ ലഭിച്ചതോടെ അനുകൂല ഊഷ്മാവുണ്ടാകുകയും പോഷകത്തിന്റെ ഗുണമേന്മയും അളവും വർധിച്ചതും അനുകൂല ഘടകമായതായി സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) പഠനം ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടുമ്പേൾ മുട്ട വിരിഞ്ഞെത്തിയ കുഞ്ഞുങ്ങൾ ഭക്ഷണമില്ലാതെ നശിക്കാറുണ്ട്. അതിജീവിച്ചവയെ മുരടിപ്പും ബാധിക്കും. 2014- -ലും ഇത്തരത്തിൽ വളർച്ച മുരടിപ്പ്‌ ബാധിച്ചിരുന്നു.


ഈ വർഷം മെയ് ആദ്യവാരം മുതൽ നല്ല മഴ ലഭിച്ചു. 31 ഡിഗ്രി സെൽഷ്യസ് ഉണ്ടായിരുന്ന സമുദ്ര ഉപരിതല ഊഷ്മാവ് 26-.27 ആയി കുറഞ്ഞു. പോഷകം അടങ്ങിയ ശുദ്ധജലം കൂടുതൽ ഒഴുകിയെത്തിയതോടെ സസ്യ–- ജന്തു പ്ലവകങ്ങളുടെ ഉൽപ്പാദനം വർധിച്ചു. ഇത് മത്തിക്ക്‌ മികച്ച ഭക്ഷണവും ഉറപ്പാക്കി. വളർച്ചയുടെ പ്രധാന ഘട്ടമായ ആദ്യ രണ്ട് മാസം ഭക്ഷണം നന്നായി കിട്ടിയതോടെ അതിജീവന നിരക്കും വളർച്ചയും കൂടിയതായി പരിസ്ഥിതി പ്രവർത്തകൻ വി കെ മധുസൂദനൻ പറഞ്ഞു.


സാഹചര്യങ്ങൾ അനുകൂലമായാൽ വർഷം മുഴുവൻ പ്രജനനം നടത്തുന്ന മത്സ്യമാണ് മത്തി. പ്രധാന പ്രജനനം മൺസൂൺ കാലത്താണ്. രണ്ടു മുതൽ മൂന്നു വർഷംവരെയാണ് ജീവിതകാലം. കാലാവസ്ഥയിലുൾപ്പെടെ അനുകൂല സാഹചര്യമുണ്ടായാൽ പരമാവധി ഒരുലക്ഷത്തോളം മുട്ടയിടും. കൂട്ടമായി പ്രജനനം നടത്തുന്ന ഇവയുടെ കുഞ്ഞുങ്ങളെ വളരാൻ ഇടനൽകാതെ പിടിച്ചെടുക്കുന്നതും പ്രധാന പ്രശ്നമാണെന്നു കുഫോസ്, ഫിഷറീസ് റിസോഴ്സ് മാനേജ്‌മെന്റ്‌ വകുപ്പ് തലവൻ ഡോ. എം കെ സജീവൻ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home