ഗുജറാത്ത് വംശഹത്യ തുറന്നുകാട്ടി; "എമ്പുരാനെ'തിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാർ

കൽപ്പറ്റ: ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടൽ തുറന്നുകാട്ടിയ "എമ്പുരാൻ' സിനിമയ്‌ക്കെതിരായി സമൂഹമാധ്യമങ്ങളിൽ ആക്രമണം ശക്തമാകുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജിനും മോഹൻലാലിനുമെതിരെ കടുത്ത അക്രമണമാണ് സംഘപരിവാർ അനുകൂലികൾ സാമൂഹ്യമാധ്യമത്തിൽ നടത്തുന്നത്. ഇരുവരുടെയും പോസ്റ്റുകൾക്കടിയിൽ ഭീഷണിയും അധിക്ഷേപ പരാമർശങ്ങളുമുണ്ട്. ഇരുവർക്കുമെതിരെ അശ്ലീലവർഷവും അക്രമണഹ്വാനങ്ങളും ഉയർത്തുന്നു.
"മോഹൻലാൽ ഭാരതത്തോട് കൂറില്ലാത്തയാളാണ്, ലെഫ്റ്റന്റ് കേണൽ പദവി തിരിച്ചെടുക്കണം', "രാജ്യസ്‌നേഹമില്ലാത്തതിനാലാണ് മോഹൻലാൽ ക്ഷണംലഭിച്ചിട്ടും രാമക്ഷേത്ര പ്രാണപ്രതിഷ്‌ഠയ്‌ക്ക് പോകാതിരുന്നത്', "പൃഥ്വിരാജ് ഹിന്ദുവിരുദ്ധനാണ്, പാകിസ്ഥാനിലേക്ക് പോകണം' തുടങ്ങിയ പരാമർശങ്ങളുണ്ട്. പോസ്റ്റുകളിലെല്ലാം പൃഥ്വിരാജിനെ "വാരിയൻകുന്നൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെയും സെൻസർബോർഡിനെതിരെയും പോസ്റ്റുകളുണ്ട്. സിനിമയുടെ ടിക്കറ്റ് കാൻസൽ ചെയ്‌ത സ്‌ക്രീൻ ഷോട്ട് സഹിതം ബഹിഷ്‌കരണാഹ്വാനവും ഉയരുന്നു. സിനിമയ്‌ക്കെതിരായ വിമർശം എന്നപേരിൽ മുസ്ലീംവിരുദ്ധ വർഗീയപ്രചരണവും നടത്തുന്നുണ്ട്.
മുതിർന്ന ആർഎസ്‌എസ് നേതാവ് ജെ നന്ദകുമാർ, ബിജെപി നേതാവ് പി രഘുനാഥ്, സംഘപരിവാർ സംഘടന നേതാക്കളായ ആർ വി ബാബു, പ്രതീഷ് വിശ്വനാഥൻ, കെ പി ശശികല, സംവിധായകൻ രാമസിംഹൻ, യുവമോർച്ച നേതാവ് ലസീത പാലക്കൽ എന്നിവരും സാമൂഹ്യമാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടൽ കാണിക്കുന്ന നിരവധി സീനുകൾ ചിത്രത്തിലുണ്ട്. ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ പാട്യ കൂട്ടക്കൊലകേസിൽ ശിക്ഷിക്കപ്പെട്ട ബജ്രംങ് ദൾ നേതാവ് ബാബു ബജ്രംഗിയുമായി സാമ്യമുള്ള കഥാപാത്രമാണ് ചിത്രത്തിലെ വില്ലനായ ബാബ ബജ്‌റംഗ്. ലക്ഷദ്വിപിലെ അഡ്‌മിനിസ്‌ട്രറ്ററുടെ ജനവിരുദ്ധ നടപടിയ്‌ക്കെതിരെ പ്രതികരിച്ചതിന് പൃഥ്വിരാജിനെതിരെ മുമ്പും സംഘപരിവാർ അക്രമണമുണ്ടായിട്ടുണ്ട്.









0 comments