കുറ്റബോധമില്ലാതെ അമ്മ ; മുമ്പും മക്കളെ ഉപദ്രവിച്ചു

പി സി സോമശേഖരൻ
Published on May 21, 2025, 01:18 AM | 2 min read
നെടുമ്പാശേരി
നാലു വയസ്സുകാരിയായ മകളെ പാലത്തിനുമുകളിൽനിന്ന് പുഴയിൽ എറിഞ്ഞുകൊന്നതിൽ കുറ്റബോധമില്ലാതെ അമ്മ സന്ധ്യ. ചെങ്ങമനാട് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന്റെ ഒരുഘട്ടത്തിലും സന്ധ്യയ്ക്ക് കുറ്റബോധമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
പാറക്കടവ് കുറുമശേരി മാക്കോലിത്താഴത്ത് സന്ധ്യ (36)യുടെ അറസ്‌റ്റ് ചെങ്ങമനാട് പൊലീസ് ചൊവ്വാഴ്‌ചയാണ് രേഖപ്പെടുത്തിയത്. ഭർതൃവീട് സ്ഥിതിചെയ്യുന്ന പുത്തൻകുരിശ് മറ്റക്കുഴി പണിക്കരുപടിയിലെ അങ്കണവാടിയിൽനിന്ന് തിങ്കൾ വൈകിട്ട് മകൾ കല്യാണിയെ വിളിച്ചുകൊണ്ട് സന്ധ്യയുടെ വീടായ ചെങ്ങമനാട് കുറുമശേരിക്ക് പോരുകയായിരുന്നു. കുട്ടിയെ മൂഴിക്കുളം പാലത്തിനുമുകളിൽനിന്ന് പുഴയിലേക്ക് ഇടുകയായിരുന്നെന്ന് സന്ധ്യ മൊഴി നൽകി.
സന്ധ്യയെ ആലുവ താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷം കോടതിയിൽ ഹാജരാക്കി. ജില്ലാ പൊലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിൽ ആലുവ ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി തുടങ്ങിയവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്. ഭർതൃപീഡനമുള്ളതായി സന്ധ്യ പറഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്‌പി എം ഹേമലത പറഞ്ഞു.
സന്ധ്യ മുമ്പും മക്കളെ ഉപദ്രവിച്ചു
സന്ധ്യ മുമ്പും കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ഭർതൃമാതാവ് രാജമ്മ പറഞ്ഞു. ഒരിക്കൽ കല്യാണിയുടെ നെഞ്ചിൽ അടിച്ചു. അതിന്റെ പാട് ശരീരത്തിലുണ്ട്. ടോർച്ചെടുത്ത് മൂത്തകുട്ടി കാശിനാഥനെയും അടിച്ചു. സന്ധ്യ ആരോടും പറയാതെ മക്കളെയുംകൊണ്ട് വീട്ടിൽനിന്നിറങ്ങിപ്പോകാറുണ്ട്. വീട്ടിലെ പാത്രങ്ങളും വസ്‌ത്രങ്ങളുമടക്കം എല്ലാം കൊണ്ടുപോകും. ഒരിക്കൽ കുഞ്ഞില്ലാതെ സ്വന്തം വീട്ടിലേക്കുപോയ സന്ധ്യയെ അച്ഛൻ തിരികെ അയച്ചു– രാജമ്മ പറയുന്നു.
സന്ധ്യയുമായി കുടുംബത്തിൽ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല. സംഭവദിവസം വീട്ടിൽ വഴക്കൊന്നും ഉണ്ടായിട്ടില്ലെന്നും രാജമ്മ പറഞ്ഞു.
മർദിച്ചെന്ന് മകൻ കാശിനാഥനും
തന്നെയും അനുജത്തിയെയും അമ്മ മർദിക്കാറുണ്ടായിരുന്നുവെന്നും തങ്ങൾക്ക് പേടിയായിരുന്നുവെന്നും മകൻ കാശിനാഥൻ. ‘‘അമ്മ എന്നെയും അനുജത്തിയെയും ടോർച്ചുകൊണ്ട് അടിച്ചിരുന്നു. എന്റെ തലയിലാണ് അടിച്ചത്. കല്യാണിക്കും പരിക്കേറ്റു. ഉപദ്രവിക്കുന്നത് എന്തിനാണെന്നുപോലും അറിയില്ലായിരുന്നുവെന്നും കാശിനാഥൻ പറഞ്ഞു
സന്ധ്യയുടെ പെരുമാറ്റത്തിൽ ദുരൂഹതയെന്ന് ഭർത്താവ്
സന്ധ്യയുടെ പെരുമാറ്റത്തിൽ ദുരൂഹത തോന്നിയിട്ടുണ്ടെന്ന് ഭർത്താവ് സുഭാഷ്. സന്ധ്യക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നതാണ്. സന്ധ്യയെ താൻ ഉപദ്രവിച്ചിട്ടില്ല. രണ്ടുവയസ്സുള്ളപ്പോൾ കല്യാണിയെ സന്ധ്യ അടിച്ചതിന്റെ പാട് നെഞ്ചിലുണ്ട്.
‘‘അച്ഛൻ തിരുവനന്തപുരത്ത് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. തിങ്കൾ പകലാണ് ഞാൻ അവിടെനിന്ന് വീട്ടിലേക്ക് തിരിച്ചത്. ഇഎസ്‌ഐയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ആശുപത്രിയിൽ നിൽക്കുമ്പോൾ കുക്കറിന്റെ വാഷർ പൊട്ടിയെന്നും വാങ്ങിവരാമോ എന്നും സന്ധ്യ വിളിച്ചുചോദിച്ചു. എത്താൻ താമസിക്കുമെന്ന് മറുപടി പറഞ്ഞു.
3.30ഓടെയാണ് വീട്ടിൽ എത്തിയത്. അപ്പോൾ സന്ധ്യ വീട്ടിലുണ്ടായിരുന്നില്ല. വാഷർ വാങ്ങാൻ പോയെന്നാണ് കരുതിയത്. ആറുമണിയായിട്ടും കാണാതായതോടെ സന്ധ്യയുടെ വീട്ടിലേക്ക് വിളിച്ചു. അവിടെ എത്തിയില്ലെന്ന് അറിഞ്ഞു. മുമ്പും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പ് രണ്ട് മക്കളെയും കടയിലേക്കെന്നുപറഞ്ഞ് വിളിച്ചുകൊണ്ടുപോയിട്ടുണ്ട്.’’
കല്യാണിയുടെ തലയ്‌ക്ക് ടോർച്ച് കൊണ്ട് അടിച്ചിട്ടുണ്ടെന്നും ഐസ്‌ക്രീമിൽ വിഷം ചേർത്തുനൽകി കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും സുഭാഷ് പറയുന്നു. സന്ധ്യയുടെ സ്വഭാവത്തെക്കുറിച്ച് പലതവണ അവരുടെ വീട്ടിൽ അറിയിച്ചിരുന്നതായും സുഭാഷ് പറഞ്ഞു.









0 comments