ജമാഅത്തെ ബന്ധം ആപത്ത്‌, 
മുന്നറിയിപ്പ്‌ ആവർത്തിച്ച്‌ സമസ്ത

samastha
avatar
പി വി ജീജോ

Published on Jan 03, 2025, 12:53 AM | 1 min read


കോഴിക്കോട്‌

മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ട്‌ ആപത്താണെന്ന്‌ ആവർത്തിച്ച്‌ ഓർമിപ്പിച്ച്‌ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. ‘പുള്ളിപ്പുലിയുടെ പുള്ളി മായ്‌ക്കുന്നതിലും സാഹസമാണ്‌ ജമാഅത്തെയുടെ ജന്മനായുള്ള കറുത്ത പാടുകൾ മായ്‌ക്കുക എന്നത്‌. സ്വയം വെളുപ്പിച്ചെടുക്കാനുള്ള ജമാഅത്തെയുടെ ശ്രമങ്ങളെക്കുറിച്ച്‌ ജാഗ്രതവേണം’–- മുഖപത്രമായ ‘സുപ്രഭാത’ത്തിലൂടെ സമസ്‌ത മുന്നറിയിപ്പ്‌ നൽകി.


ജമാഅത്തെ ബന്ധത്തെ പിന്തുണയ്‌ക്കുന്ന മുസ്ലിംലീഗിന്റെയും കോൺഗ്രസിലെ ഒരുവിഭാഗത്തിന്റെയും നീക്കങ്ങൾക്കിടയിലാണ്‌ സമസ്തയുടെ നിലപാട്‌ പ്രഖ്യാപനം. ജമാഅത്തെ വൈരുധ്യങ്ങളുടെ കലവറയാണെന്നും അലക്കിത്തേച്ച ഏതാനും മലയാളപദങ്ങളും പൗഡറിട്ട ചില വേഷങ്ങളുമാണെന്നും ‘കറുത്തപാട്‌ മറയ്‌ക്കാൻ കഴിയാതെ ജമാഅത്തെ ഇസ്ലാമി’ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.


ഒരേസമയം എക്സ്‌പ്രസ്‌ ഹൈവേയും പ്ലാച്ചിമടയും ആർഎസ്‌എസുമായി ഡീലും മതരാഷ്‌ട്രം വിരിയിച്ചെടുക്കാനുള്ള ഇൻകുബേറ്ററുമായുള്ള പരക്കംപാച്ചിലും മെയ്‌വഴക്കവും അസാമാന്യം തന്നെയാണ്‌. അന്തർദേശീയതലത്തിൽ ഇസ്ലാമിക ശത്രുക്കൾക്ക്‌ വഴിവെട്ടിക്കൊടുക്കാൻ ഇടവരുത്തിയതിൽ ഇവർക്ക്‌ മോശമല്ലാത്ത പങ്കുണ്ട്‌.

രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക്‌ (മതേതരത്വം, ജനാധിപത്യം) പുല്ലുവില കൽപ്പിക്കാത്ത സിദ്ധാന്തമാണ്‌ ജമാഅത്തെയുടേത്‌. ഈ ആശയങ്ങൾ ഇന്നും പ്രചരിപ്പിക്കുന്നുമുണ്ട്‌. വികലവും പരിസരബോധമില്ലാത്തതുമായ ജമാഅത്തെ ഇസ്ലാമിയുടെ നയംമൂലം പൊതുസമൂഹത്തിൽ ഇസ്ലാമിക സമൂഹത്തിന്‌ അപരിഹാര്യമായ പരിക്കുമാത്രമാണ്‌ മിച്ചം. സൗഹൃദവും സഹിഷ്‌ണുതയും ഉറക്കെപ്പറയുമ്പോഴും സമുദായത്തിനകത്ത്‌ എങ്ങനെ ശൈഥില്യമുണ്ടാക്കാമെന്ന്‌ ഗവേഷണം നടത്തുന്ന പ്രസ്ഥാനമാണ്‌ ജമാഅത്തെ. സ്ഥാപകനെപ്പോലും(മൗദൂദിയെ)വഴിയിലുപേക്ഷിക്കേണ്ട സാഹചര്യത്തിലെത്തിയത്‌ ഐഡിയോളജിയിലെ വൈരുധ്യങ്ങളും നിരർഥകതയും പൊള്ളത്തരവുമാണ്‌ വെളിവാക്കുന്നത്‌ ’–- സ്ഥാപകനായ മൗദൂദിയെ ജമാഅത്തെ കേരള അമീർ പി മുജീബ്‌റഹ്മാൻ തള്ളിപ്പറഞ്ഞത്‌ സൂചിപ്പിച്ച്‌ ലേഖനത്തിൽ പറയുന്നു. സമസ്‌ത പോഷകസംഘടന എസ്‌വൈഎസിന്റെ സംസ്ഥാന സെക്രട്ടറി മുസ്‌തഫ മുണ്ടുപാറയാണ്‌ ലേഖനം എഴുതിയത്‌.


വിമർശവുമായി 
കാന്തപുരം വിഭാഗവും

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം) വിഭാഗവും ജമാഅത്തെ നിലപാടുമാറ്റം ചോദ്യംചെയ്‌ത്‌ രംഗത്തെത്തി. സ്ഥാപകനായ മൗദൂദിയെ തള്ളിപ്പറയുന്ന ജമാഅത്തെ അവകാശവാദം കാപട്യമാണെന്ന്‌ കാന്തപുരം വിഭാഗം മുഖപത്രം ‘സിറാജി’ലൂടെ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home