print edition എസ്‌എസ്‌കെ വിഹിതം ; സുപ്രീംകോടതി കടുപ്പിച്ചു , മണിക്കൂറിനുള്ളിൽ പണം അനുവദിച്ച് കേന്ദ്രം


ബിജോ ടോമി
Published on Nov 06, 2025, 02:50 AM | 1 min read
തിരുവനന്തപുരം
സമഗ്ര ശിക്ഷ കേരള (എസ്‌എസ്‌കെ) വിഹിതം അനുവദിക്കാൻ കേന്ദ്രം നിർബന്ധിതരായത് ഫണ്ട് തടയുന്നുവെന്ന സംസ്ഥാനത്തിന്റെ വാദത്തിൻമേലുള്ള സുപ്രിംകോടതി ഇടപെടലിൽ. പൊതുവിദ്യാലയങ്ങളിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ നിയമനം സംബന്ധിച്ച് കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെആർടിഎ) സമർപ്പിച്ച ഹർജി ചൊവ്വാഴ്‌ച സുപ്രിംകോടതി പരിഗണിച്ചപ്പോഴാണ്, തുക ഉടൻ അനുവദിക്കാമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി ഉറപ്പു നൽകിയത്. കോടതി നടപടി അവസാനിച്ച് ഒരുമണിക്കൂറിനുള്ളിൽ ആദ്യഗഡുവായി 92.41 കോടി രൂപ സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിൽ എത്തുകയും ചെയ്‌തു. 2025–26 സാമ്പത്തിക വർഷത്തെ ആദ്യഗഡുവിൽ ഇനി അവശേഷിക്കുന്ന 16.6 കോടി രൂപയും ഇൗ ആഴ്‌ച ലഭിക്കും.
ഒക്‌ടോബർ 30ന് സുപ്രിംകോടതി കേസ് പരിഗണിച്ചിരുന്നു. മുണ്ടക്കെ ദുരന്തത്തിലുൾപ്പെടെയുള്ള കേന്ദ്ര സഹായം ഇതു വരെ ലഭിച്ചിട്ടില്ല. രണ്ടു വർഷമായി എസ്‌എസ്‌കെ ഫണ്ട് ഉൾപ്പെടെ കുടിശിക ആയതിനാൽ സ്‌പെഷൽ എഡ്യൂക്കേറ്റർമാരുടെ നിയമനവും പ്രതിസന്ധിയിലാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശും കോടതിയെ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്‌ച വീണ്ടും കേസ് പരിഗണിക്കുമ്പോൾ സോളിസിറ്റർ ജനറൽ ഹാജരായി കേന്ദ്രസർക്കാരിന്റെ നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെടുകയുമായിരുന്നു. കെആർടിഎയ്‌ക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ രാഖേന്ത് ബസന്ത്, അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി.
സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനത്തിനടക്കം തടസ്സമാകുന്നത് കേന്ദ്രം ഫണ്ട് തടഞ്ഞു വച്ചതിനാലാണെന്ന് വ്യക്‌തമാകുന്നതാണ് സുപ്രിംകോടതി വിധി. 2023–24 സാമ്പത്തിക വർഷത്തെ അവസാന രണ്ട് ഗഡു ഉൾപ്പെടെ 1,158 കോടി രൂപ കുടിശിക ഉണ്ട്. 2016ൽ രജനീഷ് കുമാർ പാണ്ഡെ എന്ന ഉത്തർപ്രദേശ് സ്വദേശിയാണ് ഭിന്നശേഷി വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരംക്ഷിക്കണമെന്നാശ്യപ്പെട്ട് കേസ് ഫയൽ ചെയ്‌തത്. 2022ൽ കെആർടിഎ കക്ഷി ചേർന്നു. എസ്‌എസ്‌കെയിൽ 2,886 സ്‌പെഷ്യൽ എഡ്യൂക്കേർമാരാണ് ജോലി ചെയ്യുന്നതെന്ന് കെആർടിഎ ജനറൽ സെക്രട്ടറി കെ കെ വിനോദൻ പറഞ്ഞു.









0 comments