മിടിപ്പുകൾക്കുപിന്നിൽ ഇൗ കരസ്‌പർശവും

എം സനോജ്
Published on Sep 15, 2025, 02:00 AM | 1 min read
ഒറ്റപ്പാലം
സങ്കീർണ ശസ്ത്രക്രിയകൾക്കുള്ള പ്രത്യേക ഉപകരണങ്ങൾ നിർമിച്ച് കോതകുറുശി ചേറമ്പറ്റക്കാവ് കള്ളിവളപ്പിൽ വീട്ടിൽ സജീഷ്. ഡോക്ടർമാരുടെ ആവശ്യപ്രകാരം ഉപകരണങ്ങൾ ഉണ്ടാക്കി നൽകും. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയ ശസ്‌ത്രക്രിയാ വിദഗ്‌ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറമുൾപ്പെടെയുള്ളവർക്ക് പത്തുവർഷത്തിലേറെയായി ശസ്‌ത്രക്രിയ സാമഗ്രികൾ തയ്യാറാക്കുന്നു. കോതകുർശിയിലാണ് ഇൗ മുപ്പത്തിയാറുകാരന്റെ സ്ഥാപനം.
വാഹനാപകടത്തെതുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം മറ്റൊരു യുവാവിൽ ഘടിപ്പിച്ച ശസ്‌ത്രക്രിയക്ക് ഉപയോഗിച്ച ഉപകരണങ്ങൾ സജീഷ് രൂപകൽപ്പന ചെയ്തതാണ്. വിദേശ വിപണിയിൽ മാത്രം ലഭ്യമാകുന്ന ഉപകരണങ്ങളും തന്റെ പണിശാലയിൽ തയ്യാറാക്കുന്നു. വിദേശരാജ്യങ്ങളിലും ഇവയ്‌ക്ക് ആവശ്യക്കാരുണ്ട്.
16–ാംവയസ്സിൽ ജോലിതേടി ബംഗളൂരുവിലെത്തിയതാണ് പത്താം ക്ലാസ് യോഗ്യത മാത്രമുള്ള സജീഷ്. സർജിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനത്തിൽ ജോലിക്കുകയറി. ഉപകരണങ്ങൾ തുടച്ചുവൃത്തിയാക്കുന്ന പണിയായിരുന്നു തുടക്കം.
അവിടെനിന്നാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ പരിചയപ്പെടുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഉപകരണങ്ങൾ നിർമിച്ചുതുടങ്ങിയത്.
കോതകുർശ്ശിയിൽ 2015ൽ സ്ഥാപനം ആരംഭിച്ചു. സജീഷിനെ മികച്ച സംരംഭകനായി സംസ്ഥാന സർക്കാർ ബജറ്റിൽ പരാമർശിച്ചിട്ടുണ്ട്.









0 comments