'സേഫിൽ' പട്ടികവിഭാഗങ്ങൾക്കായി 10,000 വീടുകളും 6000 പഠനമുറികളും അനുവദിക്കും: ഒ ആർ കേളു

തിരുവനന്തപുരം: അപൂർണ ഭവനങ്ങളുടെ പൂർത്തീകരണ പദ്ധതിയായ "സേഫിൽ' പട്ടികവിഭാഗങ്ങൾക്കായി പുതുതായി 10,000 വീടുകൾ അനുവദിക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു. ഇതിനു പുറമേ 6000 പഠനമുറികളും അനുവദിക്കുമെന്ന് ധനാഭ്യർഥന ചർച്ചയിൽ മന്ത്രി വ്യക്തമാക്കി.
നിലവിലുള്ള സംരംഭങ്ങൾക്ക് അധിക സഹായമായി 10 ലക്ഷം രൂപ നൽകുന്ന " സമൃദ്ധി കേരളം" പദ്ധതിയിൽ 1000 സംരംഭങ്ങളും ആരംഭിക്കും. 50, 000 അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിലുറപ്പാക്കും. ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് വിവിധ മേഖലകളിൽ തൊഴിലുറപ്പാക്കുന്നത്.
പട്ടികവര്‍ഗ വികസന വകുപ്പ് രൂപീകരിച്ചതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങളും സാര്‍വദേശീയ അനുഭവങ്ങളും പങ്കുവെയ്ക്കുന്നതിന് അന്താരാഷ്ട്ര കോണ്‍ക്ലേവും ദേശീയ ട്രൈബല്‍ ഫെസ്റ്റിവലും സംഘടിപ്പിക്കും.
വകുപ്പുകളുടെ കീഴിലുള്ള വിവിധ കോർപറേഷനുകളെ ഏകോപിപ്പിച്ച് 1200 കോടി രൂപയുടെ സംരംഭക സഹായം അനുവദിക്കും. 15 ൽ താഴെ കുടുംബങ്ങളുള്ള ഉന്നതികളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പുതിയ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.









0 comments