ശബരിമല നട നാളെ അടയ്ക്കും; ദർശനം ഇന്ന് വരെ മാത്രം

ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ തീർഥാടകർക്കുള്ള ദർശനം ഇന്ന് രാത്രിയോടെ അവസാനിക്കും. ഇന്ന് വൈകിട്ട് ആറ് മണി വരെ മാത്രമേ പമ്പയിൽ നിന്ന് തീർഥാടകരെ കടത്തി വിടൂ. സന്നിധാനത്ത് രാത്രി 10 വരെ മാത്രമാണ് ദർശനം. രാത്രി 11 മണിക്ക് നട അടച്ചതിന് ശേഷം മാളികപ്പുറത്ത് മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.
തിങ്കളാഴ്‌ച്ച പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6.30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
പരാതികളില്ലാത്ത തീർഥാടനകാലമാണ് ഇതോടെ പൂർത്തായകുന്നത്. ഇത്തവണ മകരവിളക്ക് ഉത്സവത്തിനായി നടതുറന്നതു മുതൽ ശബരിമലയിലേക്ക് തീർഥാടക പ്രവാഹമായിരുന്നു. ദിവസവും ലക്ഷത്തിനടുത്ത് തീർഥാടകർ എത്തിയപ്പോഴും എല്ലാവർക്കും സുഗമമായി ദർശനം നടത്തി മടങ്ങാനായത് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നടത്തിയ മുന്നൊരുക്കങ്ങളുടെയും ക്രമീകരണങ്ങളുടെയും ഫലമായിട്ടായിരുന്നു.









0 comments